നിയന്ത്രണംവിട്ട ബസ് പാടത്തേക്ക് മറിഞ്ഞ് 20ഓളം പേർക്ക് പരിക്ക്
ചെർപ്പുളശ്ശേരി: കൊപ്പം പേങ്ങാട്ടിരി പാതയിലെ വണ്ടുംതറയിൽ ബസും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് 20ഓളം പേർക്ക് പരിക്കുപറ്റി. ബൈക്ക് യാത്രക്കാരായ മുളയൻകാവ് കാക്കശ്ശേരി പള്ളിയാലിൽ അഷ്‌റഫിന്റെ മകൻ ഷാഹിൻഷ (19), മുളയൻകാവ് നടുവിൽ പീടികയിൽ സൈതലവിയുടെ മകൻ ജാസിർ(20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപ്രതികളിൽ പ്രവേശിപ്പിച്ചു.
ചൊവാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ചെർപ്പുള്ളശ്ശേരിയിൽ നിന്നും കൊപ്പത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കൊപ്പം ഭാഗത്ത് നിന്നും മുളയൻകാവ് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രക്കാർ. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് നാല് അടിയോളം താഴ്ചയുള്ള പാടത്തേക്ക് മറിഞ്ഞു. നാട്ടുകാരാണ് ബസിലുള്ളവരെ പുറത്തെടുത്തത്. ബൈക്ക് യാത്രികർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ പട്ടാമ്പി താലൂക്ക് ആശുപ്രതി മോർച്ചറിയിൽ.