പാലക്കാട്: അന്യസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച ഭവനസമുച്ചയമായ അപ്നാഘർ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവൻ തൊഴിലാളികളും ആവാസ് ഇൻഷ്വറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. താമസസ്ഥലത്ത് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷ, താമസസ്ഥലത്തെ ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തണമെന്നും തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ ശ്രീലാൽ, ജില്ലാ ലേബർ ഓഫീസർ രാമകൃഷ്ണൻ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.