പാലക്കാട്: തെറ്റുതിരുത്തൽ കേന്ദ്രങ്ങളായി മാറേണ്ട ജയിലുകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് ജില്ലാ ജയിലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജയിലുകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് ഒരു തരത്തിലുള്ള പരിരക്ഷയും ലഭിക്കില്ല. ശിക്ഷാകാലാവധി പൂർത്തീകരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ എന്നതിലുപരി ജയിലുകൾ തെറ്റുതിരുത്തൽ കേന്ദ്രങ്ങളാവണം. ജയിലുകളുടെ ആധുനികവത്ക്കരണവുമായി ബന്ധപ്പെട്ട് കോടതികളെ ജയിലുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ അടുത്തമാസം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 24 കോടി ചെലവിൽ സംസ്ഥാനത്തെ 54 ജയിലുകളെ കോടതികളുമായി ബന്ധിപ്പിക്കും. കൂടാതെ സംസ്ഥാനത്തെ പ്രധാന ജയിലുകളിൽ 2.29 കോടി ചെലവിൽ ടെട്രോ കമ്മ്യൂണിക്കേഷൻ നെറ്റ് വർക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതി നിലവിൽ വരുന്നതോടെ കൂടുതൽ കാര്യക്ഷമമായി ജയിൽ ഉദ്യോഗസ്ഥർക്ക് വിവര വിനിമയം നടത്താനാകും. ഒക്ടോബറിൽ പദ്ധതി പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.ശാന്തകുമാരി, ജില്ലാ കളക്ടർ ഡി.ബാലമുരളി, ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.രാജൻ, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.സുബ്രഹ്മണ്യൻ, മലമ്പുഴ പഞ്ചായത്ത് മെമ്പർ ജി.പ്രസന്ന, കോഴിക്കോട് ഉത്തരമേഖലാ പ്രിസൺസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സാം തങ്കയ്യൻ എന്നിവർ സംബന്ധിച്ചു.