ഒറ്റപ്പാലം: നഗരസഭയിൽ നിന്നും സ്ഥിരംസമിതി അധ്യക്ഷയുടെ പണം മോഷണംപോയ കേസിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. മോഷ്ടാവിനെ കണ്ടെത്താൻ നുണ പരിശോധനയടക്കമുള്ള ശാസ്ത്രീയ നടപടികളിലേക്കാണ് പൊലീസ് കടക്കുന്നത്. കൗൺസിലർമാർ ഉൾപ്പെടെയുള്ള കൂടുതൽപേരുടെ വിരലടയാളങ്ങൾ ശേഖരിക്കാനും നീക്കമുണ്ട്.

വനിതകളുൾപ്പടെയുള്ള നാലു കൗൺസിലർമാരുടെ വിരലടയാളങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇവരുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നെങ്കിലും അന്ന് മോഷ്ടാവിനെ കണ്ടെത്താനായിരുന്നില്ല. നാലുപേരും നുണ പരശോധനക്ക് തയ്യാറാണെന്നും പൊലീസനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 20ന് 38000 രൂപ മോഷ്ടിക്കപ്പെട്ടപ്പോൾ സ്ഥിരംസമിതി അധ്യക്ഷയുടെ ഓഫീസിന് പരിസരത്തുണ്ടായിരുന്ന കൂടുതൽ പേരുടെ വിരലടയാളം ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. നാലുപേരല്ലാത്ത മറ്റു കൗൺസിലർമാരുടെയും ജീവനക്കാരുടെയും സന്ദർശകരുടെയും വിരലടയാളമാണ് ഇനി ശേഖരിക്കുന്നത്. ഫിംഗർ പ്രിന്റ് ബ്യൂറോയ്ക്ക് നേരത്തെ മോഷ്ടാവന്റേതെന്ന് സംശയിക്കുന്ന വിരലടയാളം അലമാരയുടെ വാതിൽപ്പിടിയിൽ നിന്ന് കിട്ടിയിരുന്നു. ഇതുമായി മറ്റ് കൗൺസിലർമാരുടെയും ജീവനക്കാരുടെയും വിരലടയാളം ഒത്തുനോക്കാനാണ് ശ്രമിക്കുന്നത്. നിലവിൽ നാലുപേരുടെ വിരലടയാളങ്ങളും പരശോധിച്ചിട്ടുണ്ട്.