kuthiran
കുതിരാൻ

വടക്കഞ്ചേരി: മഴ ശക്തമായതോടെ ദേശീയപാത കുതിരാനിൽ മണ്ണിടിച്ചിൽ ഭീഷണി വർദ്ധിക്കുന്നു. മേഖലയിൽ അ‌ഞ്ചിടത്താണ് മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളത്.

കഴിഞ്ഞ ദിവസംകനത്ത മഴയെ തുടർന്ന് കുതിരാൻ ക്ഷേത്രത്തിന് സമീപത്തെ പാറക്കല്ല് താഴെ റോഡിലേക്ക് വീണിരുന്നു. ഈ സമയം ദേശീയ പാതയിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും വൻ ദുരന്തം ഒഴിവായി. ഇരുമ്പ് പാലത്തിനും കുതിരാൻ ക്ഷേത്രത്തിനുമിടയിൽ വലത് ഭാഗത്ത് നിന്ന് അടർന്ന് വീണ കല്ല് റോഡ് മറികടന്ന് മറുവശത്ത് വന്ന് നിന്നു. മുപ്പതടി ഉയരത്തിൽ നിന്ന് വൻ ശബ്ദത്തിൽ കല്ല് വീഴുകയായിരുന്നു.

ശക്തമായ ഒരു മഴ പെയ്യുമ്പോഴേക്കും കുതിരാനിൽ അപകട സാദ്ധ്യതയേറുകയാണ്. കഴിഞ്ഞ വർഷം മണ്ണിടിഞ്ഞ അതേ ഭാഗങ്ങൾ തന്നെയാണ് വീണ്ടും ഇടിയുന്നത്. ഇത്തരത്തിൽ നിരവധി കൂറ്റൻ കല്ലുകൾ എത് സമയത്തും വീഴാവുന്ന നിലയിലുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ കുതിരാൻ ക്ഷേത്രത്തിന് സമീപം മണ്ണിടിഞ്ഞ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുതിരാനിലെ മണ്ണിടിച്ചിൽ സാദ്ധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ മഴ കനത്താൽ ഭീതിയോടെയാകും കുതിരാൻ വഴിയുള്ള യാത്ര. മണ്ണിടിച്ചിലുണ്ടായാൽ ബ്ളോക്കും ഗതാഗത സ്തംഭനവും ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്.