മണ്ണാർക്കാട്: നഗരത്തിലെ ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിൽ നഗരസഭക്ക് പ്രധാന പങ്കുണ്ടെന്ന വിമർശനവുമായി ആക്ഷൻ കൗൺസിൽ. നഗരത്തിലെ ദേശീയപാത വികസന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രതിസന്ധി നേരിടുന്ന ആൽത്തറ കയറ്റം, മുനിസിപ്പൽ ബസ് സ്റ്റാന്റിന് മുൻവശം എന്നിവിടങ്ങളിൽ നഗരസഭയുടെ നിലപാടുകളാണ് പ്രശ്‌ന പരിഹാരത്തിന് തടസമാകുന്നത് എന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
ദേശീയപാത നവീകരണ പ്രവർത്തനങ്ങൾക്കായി സ്വന്തം ഭൂമിവിട്ടു നൽകാൻ തയ്യാറാവുന്ന വ്യാപാരികളിൽ ചിലരുടെ ന്യായമായ ആവശ്യങ്ങൾക്ക് മുന്നിൽ നഗരസഭ മുഖം തിരിക്കുകയാണ്. ഇവിടങ്ങളിൽ പ്രായോഗിക സമീപനങ്ങൾക്ക് നഗരസഭ തയ്യാറാവാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. നഗരസഭയിലെ ജനപ്രതിനിധികൾ ഇത് മനസിലാക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഇതിന് തയ്യാറാവുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ വിലയിരുത്തി.
കടുംപിടുത്തം ഒഴിവാക്കി നാടിന്റെ വികസന കാര്യങ്ങളിൽ പ്രായോഗിക സമീപനങ്ങൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും യോഗം അഭിയായപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടുകൾക്കെതിരെ വകുപ്പുതലങ്ങളിലും വേണ്ടിവന്നാൽ മുഖ്യമന്ത്രിക്കു വരെ പരാതി നൽകുവാനും യോഗത്തിൽ തീരുമാനമായി.