പാലക്കാട്: ടൗൺ റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്തിലെ മൃഗാശുപത്രിക്ക് സമീപമുള്ള സോളാർ സിഗ്നൽ അപകടാവസ്ഥയിൽ. ആർ.ബി.ഡി.സി.കെ സ്ഥാപിച്ച സോളാർ സിഗ്നലാണ് ഇപ്പോൾ പ്രവർത്തന രഹിതമായി അപകടാവസ്ഥയിൽ ഒരു ഭാഗത്തേക്ക് ചരിഞ്ഞുനിൽക്കുന്നത്. സിഗ്നൽ വീഴാതിരിക്കാനായി കയർകൊണ്ട് കെട്ടിവച്ചിരിക്കുകയാണ്.
യാത്രക്കാർക്ക് അപകട ഭീഷണിയായിട്ടും അധികൃതർ ഇത് നീക്കം ചെയ്യാനോ പുതിയത് സ്ഥാപിക്കാനോ നടപടി സ്വീകരിച്ചില്ല. സിഗ്നൽ സ്ഥാപിച്ച ശേഷം മാസങ്ങൾ മാത്രമേ പ്രവർത്തിച്ചുള്ളൂ. തുടർന്ന് അറ്റകുറ്റപണി നടക്കാത്തത് മൂലം ജീർണാവസ്ഥയിലായി..
മേൽപാലത്തിൽ ലൈറ്റുകൾ ഇല്ലാത്തതുമൂലം രാത്രി മേൽപ്പാലത്തിൽ വെളിച്ചമില്ലാത്തത് കാരണം യാത്രക്കാരും വാഹനങ്ങളും അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്. അപ്രോച്ച് റോഡിലെ കുഴികളിൽ പെടാതിരിക്കാൻ ശ്രദ്ധിച്ച് വേണം യാത്ര ചെയ്യാൻ. നഗരസഭ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
നഗരസഭ ഫണ്ട് ഉപയോഗിച്ച് പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്നുണ്ട്. ഓരോ വാർഡുകളിലും 35 വാട്ടും പ്രധാന റോഡുകളിൽ 50 വാട്ടിന്റെയും വിളക്കുകളാണ് സ്ഥാപിക്കുന്നത്. നിലവിൽ കോർട്ട് റോഡ്, ജി.ബി റോഡ് എന്നിവിടങ്ങളിൽ പദ്ധതി പുരോഗമിക്കുകയാണ്. ആർ.ബി.ഡി.സി.കെയുടെ എൻ.ഒ.സി ലഭിച്ചാലുടൻ മേൽപ്പാലത്തിൽ 20 മീറ്റർ അകലത്തിൽ വിളക്കുകൾ സ്ഥാപിക്കും. അപകടാവസ്ഥയിലായ സോളാർ സിഗ്നലിന്റെ ഉത്തരവാദിത്വം ആർ.ബി.ഡി.സി.കെയുടെതാണ്.
-സി.കൃഷ്ണകുമാർ, നഗരസഭ ഉപാദ്ധ്യക്ഷൻ