nadeel
കാട്ടശ്ശേരി വള്ളക്കുന്നം പാടശേഖരത്തിൽ നടന്ന നടീലുത്സവം കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലത്തൂർ: ഞാറു നടാനും കള പറിക്കാനും കൊയ്യാനുമെല്ലാം തൊഴിലാളികളെ കിട്ടാനില്ലെന്ന പരാതികൾക്ക് വിട. പാടം നിറയെ തൊഴിലാളികളെ നിറയ്ക്കുകയാണ് ' നിറ '. കെ.ഡി.പ്രസേനൻ എം.എൽ.എയുടെ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച നിറ ഹരിത മിത്ര സൊസൈറ്റിയാണ് ആലത്തൂരിലെ പാടശേഖരങ്ങളിൽ തൊഴിലാളികളെയെത്തിച്ചു കൊടുക്കുന്നത്.

മഴക്കുറവ് കർഷകർക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇതോടെ മൂപ്പ് കൂടിയ ഞാറ് എത്രയും വേഗം നട്ടുതീർക്കാൻ നിർബന്ധിതരായിരിക്കുകയാണ് കർഷകർ. എന്നാൽ, തൊഴിലാളികളുടെ ക്ഷാമം വീണ്ടും തിരിച്ചടിയായപ്പോഴാണ് ' നിറ ' രക്ഷയ്ക്കെത്തിയിരിക്കുന്നത്. തദ്ദേശീയരേയും അന്യസംസ്ഥാന തൊഴിലാളികളേയും നിറ ലഭ്യമാക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ ഏജന്റുമാർ കർഷകനിൽ നിന്നും കൂടിയ തുക ഈടാക്കി തൊഴിലാളികൾക്ക് തുച്ഛമായ തുക നൽകി കബളിക്കുകയാണ് ചെയ്യുന്നത്. സൊസൈറ്റി നേരിട്ട് ഇറക്കുന്നതിനാൽ തൊഴിലാളികളുടെ കൂലിമാത്രം നൽകിയാൽ മതിയാവും. ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കുന്നത് വഴി അതിവേഗം നടീൽ പൂർത്തിയാക്കി സമയ നഷ്ടം പരിഹരിക്കാനും കഴിയും. മഴപെയ്ത് അഞ്ചുദിവസം പിന്നിടമ്പോഴേക്കും 150 ഏക്കർ നടീൽ പൂർത്തിയാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ ക്ഷാമം മൂലം ഒരു ഏക്കറിന് 4500 രൂപ ചെലവ് വരുമ്പോൾ നിറ വഴി 4000 രൂപയ്ക്ക് നടീൽ പൂർത്തിയാക്കാം. കാട്ടശ്ശേരി വള്ളക്കുന്നം പാടശേഖരത്തിൽ നടന്ന നടീലുത്സവം കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ഗംഗാധരൻ, എം.എ.നാസർ, മുഹമ്മദ് ഫുവാദ്, എം.ഗംഗാധരൻ, പദ്ധതി കൺവീനർ എം.വി.രശ്മി എന്നിവർ പങ്കെടുത്തു.