വടക്കഞ്ചേരി: കിഴക്കഞ്ചേരി ശ്രീകുറുംബാ ട്രസ്റ്റിന് കീഴിലുള്ള മൂലംങ്കോട് ശോഭ ഐക്കണിന് ഇത് അഭിമാന നിമിഷം. അഖിലേന്ത്യാ തലത്തിൽ നടന്ന എൻ.ടി.എ നെറ്റ് പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോൾ ആദ്യ ബാച്ചിലെ സാന്ദ്ര എസ്.നായർ, എസ്.ഐശ്വര്യ എന്നിവർക്കാണ് നെറ്റ് ലഭിച്ചത്. ഇതിൽ സാന്ദ്ര എസ്.നായർ ജൂനിയർ റിസേർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്) നേടിയത് ഇരട്ടി മധുരമായി.

അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് നേടി വിജയിക്കുന്നവർക്കാണ് യു.ജി.സി നെറ്റ് യോഗ്യത ലഭിക്കുന്നത്. ഈ പരീക്ഷയിൽ ഉന്നത മാർക്ക് ലഭിക്കുന്നവർക്ക് യു.ജി.സി നൽകുന്നതാണ് ജൂനിയർ റിസേർച്ച് ഫെലോഷിപ്പ്. ജെ.ആർ.എഫ് നേടിയവർക്ക് കേന്ദ്ര സർക്കാർ ഫെലോഷിപ്പോടെ ഡോക്ടറേറ്റിനു റിസേർച്ച് യോഗ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് രാജ്യത്ത് നൽകി വരുന്ന വലിയ സ്‌കോളർഷിപ്പാണ് ജെ.ആർ.എഫ്. ഇത് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഏതു സർവ്വകലാശാലയിലും റിസേർച്ച് സെന്ററിലും എം.ഫിൽ, പി.എച്ച്.ഡി ഗവേഷണത്തിന് ഫെലോഷിപ്പ് കിട്ടും.


പി.എൻ.സി മേനോൻ കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലുള്ള പഠനമികവുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനായി 2013 ആരംഭിച്ച സ്ഥാപനമാണ് മൂലംങ്കോട് ശോഭ ഐക്കൺ. ഇവിടെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളാണ് ഉള്ളത്. പഠനമികവ് നിലനിർത്തുന്നവർക്കുള്ള തുടർപഠന ചെലവും ശോഭ ഐക്കൺ വഹിക്കും.

ആദ്യ ബാച്ചിലെതന്നെ രണ്ടു വിദ്യാർത്ഥിനികൾ യു.ജി.സിയുടെ നെറ്റിൽ വിജയിക്കുകയും ഒരാൾക്ക് റിസേർച്ച് ഫെലോഷിപ്പ് നേടുകയും ചെയ്തത് അഭിമാനാർഹമായ നേട്ടമാണെന്നും മറ്റ് വിദ്യാർത്ഥികൾക്കിത് പ്രചോദനമാണെന്നും ഐക്കൺ ഡയറക്ടർ ഡോ.ഗംഗാധരൻ പറഞ്ഞു. ഇരുവരും ഇപ്പോൾ എം കോം ഒന്നാം വർഷ വിദ്യാർത്ഥിനികളാണ്.