പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം അബൂബക്കർ കോളനിയിലെ തോട്ടിൽ മാലിന്യം നിറഞ്ഞ് പ്രദേശവാസികൾ പകർച്ചവാധ്യ ഭീഷണിയിൽ. മാസങ്ങൾക്ക് മുമ്പ് നഗരസഭ മാലിന്യം ശേഖരിക്കുന്നത് നിറുത്തിയതോടെയാണ് തോട് മാലിന്യകൂമ്പാരമായത്. സമീപത്തെ വീടുകളിലെയും കടകളിലെയും മാലിന്യം ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് തോട്ടിലേക്ക് തള്ളുന്നത്.
മഴ പെയ്തോടെ തോട്ടിൽ വെള്ളം നിറഞ്ഞ് മാലിന്യം അഴുകാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ ദുർഗന്ധംമൂലം സമീപത്തുള്ള വീട്ടുകാർ ഏറെ ബുദ്ധിമുട്ടുകയാണ്. കൂടാതെ പകർച്ചവ്യാധി പടരുമോ എന്ന ആശങ്കയുമുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണങ്ങളും ശക്തമാക്കിയിട്ടുണ്ടെങ്കിലും അബൂബക്കർ കോളനി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
മാലിന്യം നിറഞ്ഞോടെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കവിഞ്ഞ് റോഡിലേക്കും വീടുകളുടെ മുന്നിലൂടെയുമാണ് ഒഴുകുന്നത്. ഇത് കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ദുരിതമായിരിക്കുകയാണ്. കൊതുകും കൂത്താടികളും പെരുകി കോളനി നിവാസികൾ പകർച്ചവ്യാധിയുടെ പിടിയിലാകുന്നതിന് മുമ്പ് ഉടൻ തോട് ശൂചീകരിക്കുകയും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.