പാലക്കാട്: പാരമ്പര്യത്തനിമയുടെ ആചാരങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് ഓരോ കർക്കിടകവും. ഭക്തിയുടേയും, തീർത്ഥാടനത്തിന്റെയും പുണ്യമാസം. വീടുകളിൽ രാമരാമ വിളികളുടെ ധന്യമാസം. അതോടൊപ്പം കനത്തമഴയിൽ ഭൂമി തണുക്കുന്ന ദിനങ്ങളും. കർക്കിടകം രാശിയുടെ ആദ്യബിന്ദുവിലൂടെ സൂര്യൻ കടന്നു പോകാൻ എടുക്കുന്ന സമയമാണ് കർക്കിടക സംക്രാന്തി. ഈ മാസത്തിലെ പ്രത്യേക ചടങ്ങുകളാണ് ശീവോതിക്കു വയ്ക്കൽ, വെളിനടൽ, നാലമ്പല ദർശനം, മരുന്നു കഞ്ഞി, കർക്കിടകവാവ് എന്നിവ.
ശീവോതിക്കു വയ്ക്കൽ
ഇന്നുമുതൽ കർക്കിടക മാസം തീരുന്നതുവരെ എല്ലാവീടുകളിലും ശ്രീഭഗവതിയെ വരവേൽക്കാനായി ശീവോതിക്കുവക്കൽ ചടങ്ങ് അനുഷ്ഠിക്കും. മച്ചിൽ നിലവിളക്കു കൊളുത്തി അതിന്റെ പിന്നിലാണ് ശീവോതിക്കു വയ്ക്കുക. ചിലർ പൂമുഖത്തും വിളക്ക് വയ്ക്കും. ശ്രീഭഗവതിയെ വീട്ടിലേക്ക് സ്വീകരിക്കാനായുള്ള ചടങ്ങാണിത്. രാവിലെ കുളിച്ച് പലകയിലോ പീഠത്തിലോ ഭസ്മംതൊട്ട് നാക്കില വച്ച് അതിൽ രാമായണം, കണ്ണാടി, കൺമഷി, കുങ്കുമം, തുളസി, വെറ്റില, അടക്ക എന്നിവ വയ്ക്കും. കത്തിച്ചുവയ്ക്കുന്ന വിളക്ക് വൈകീട്ടേമാറ്റൂ. രാത്രിയിൽ രാമായണം വായിക്കുകയും ചെയ്യും.
വെളിനടൽ
ശീവോതിക്കു വച്ചശേഷം നടത്തുന്ന ചടങ്ങാണിത്. ദശപുഷ്പങ്ങളായ നിലപ്പന, കൃഷ്ണക്രാന്തി, മുക്കുറ്റി, പൂവാങ്കുറുന്നില, ഉഴിഞ്ഞ, മോഷമി, കഞ്ഞുണ്ണി, തിരുതാളി, കറുക, ചെറൂള ഇവ വേരോടെ പറിച്ചെടുത്ത് കഴുകി വയ്ക്കും. ഇതെല്ലാം കൂടി നടുന്നതാണ് വെളിനടൽ.
നാലമ്പല ദർശനം
രാമായണ പാരായണവും രാമായണ ശ്രവണവും ഈമാസത്തിന്റെ പ്രത്യേകതയാണ്. അതോടൊപ്പം പ്രാധാന്യമർഹിക്കുന്നതാണ് നാലമ്പലദർശനം. തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശത്രുഘ്‌നക്ഷേത്രം എന്നീ നാലമ്പലങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് ഐശ്വര്യമാണെന്നാണ് വിശ്വാസം.
മരുന്നു കഞ്ഞി
ശരീര പുഷ്ടിക്കുള്ള ചികിത്സകൾക്ക് അനുയോജ്യമാണ് കർക്കിടകം. കഴിക്കുന്ന മരുന്നുകളും ചെയ്യുന്ന ചികിത്സകളും ശരീരത്തിൽ പിടിക്കുമെന്നാണ് വിശ്വാസം. അതിനാൽ ആളുകൾ മരുന്നുകഞ്ഞി കുടിക്കും. ഇത് ദഹനശേഷി വർദ്ധിപ്പിച്ച് ശരീരത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സഹായിക്കും. ദശപുഷ്പം, വാതക്കൊടിയില, കരിങ്കുറിഞ്ഞി, പനികൂർക്കയില, ചങ്ങലംപരണ്ട എന്നിവയാണ് കഞ്ഞിയിലെ ഔഷധച്ചേരുവകൾ. ഇവ ചതച്ച് നീര് പിഴിഞ്ഞെടുത്ത് ജീരകപ്പൊടി, നെയ്യ്, ഉപ്പ് എന്നീചേരുവകളും അരിയും ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്.
കർക്കിടകവാവ്
ഈ മാസത്തിലെ കറുത്തവാവിന് ഏറെ പ്രാധാന്യമാണ്. മൺമറഞ്ഞ പിതൃക്കളുടെ ആത്മശാന്തിക്കായി ബലികർമ്മങ്ങൾ നടത്തുന്ന പുണ്യദിനം.