ചെർപ്പുളശ്ശേരി: അരങ്ങിലെ സുന്ദരി എന്ന വിശേഷണമുള്ള കഥകളി ആചാര്യൻ കോട്ടക്കൽ ശിവരാമന്റെ ഒമ്പതാം ചരമവാർഷികത്തോട് അനുബന്ധിച്ച് കാറൽമണ്ണ വഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ അനുസ്മരണവും മൂന്നുദിവസം നീളുന്ന കഥകളി ശില്പശാലയും നടക്കും. 19 മുതൽ 21 വരെ 'ഓർമ്മ 2019' എന്ന പേരിൽ നടക്കുന്ന പരിപാടി കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, വഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. 19ന് രാവിലെ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്യും.
തുടർന്ന് പ്രഭാഷണത്തോടെ ശില്പശാലക്ക് തുടക്കമാവും. വൈകീട്ട് ഓർമ്മ സമ്മേളനവും പുരസ്‌കാര സമർപ്പണവും നടക്കും. കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ.ജയപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓർമ്മ പുരസ്‌കാരം കല്ലുവഴി ചിട്ടയുടെ ദക്ഷിണ കേരളത്തിലെ പ്രചാരകനും സ്ത്രീ വേഷ കലാകാരനുമായ കലാമണ്ഡലം ഓയൂർ രാമചന്ദ്രന് നൽകും.
കോട്ടക്കൽ ഗോപി നായർ, നരിപ്പറ്റ നാരായണൻ നമ്പൂതിരി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കെ.ബി.രാജാനന്ദ് എന്നിവർ പങ്കെടുക്കും. 20ന് ശില്പശാല തുടരും. 21ന് വൈകീട്ട് 5.30ന് സമാപന സമ്മേളനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യും. ഡോ. ടി.എസ്.മാധവൻകുട്ടി ശില്പശാല അവലോകനം നടത്തും.തമ്പി രചനകളെ ആസ്പദമാക്കിയുള്ള സംഗീത കച്ചേരിയും മോഹിനിയാട്ട കച്ചേരിയും ആട്ടക്കഥയുടെ വിശദമായ ചൊല്ലിയാട്ടങ്ങളും അവതരിപ്പിക്കും.