ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിന്റെ ഓർമ്മകൾക്ക് ഒരു വയസാവാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രളയാനന്തര പുനർനിർമ്മാണം ജില്ലയിൽ ഏതുവരെയെത്തിയെന്നത് പരിശോധിക്കുന്നു.

 നിർമ്മാണം പൂർത്തീകരിച്ചത് 974 വീടുകൾ

പൂർണമായും വീട് നഷ്ടപ്പെട്ടവർക്കായി വിവിധ പദ്ധതികളിലൂടെ 974 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. 1561 വീടുകളാണ് ജില്ലയിൽ പൂർണമായും തകർന്നത്. 43.63 കോടി രൂപ ഇതുവരെ ചെലവഴിച്ചു. ഭൂമി നഷ്ടപ്പെട്ട 52 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി വാങ്ങുന്നതിന് 2.96 കോടി ചെലവഴിച്ചു.


1276 പേർക്കാണ് വീട് സ്വന്തമായി നിർമ്മിക്കാൻ റവന്യൂ വകുപ്പ് മുഖേന തുകയനുവദിക്കുന്നത്. ഇതുപ്രകാരം 784 വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിർമാണവും ധനസഹായ വിതരണവും പുരോഗമിക്കുന്നു.

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലൂടെ 183 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.

അഞ്ചു ലക്ഷം ചെലവഴിച്ച് 500 സ്‌ക്വയർ ഫീറ്റിലാണ് വീടുകൾ നിർമ്മിക്കുന്നത്. ഓരോ വീടിനും റവന്യൂ വകുപ്പിൽ നിന്ന് 95100 രൂപ അനുവധിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് നാലുലക്ഷവും മുടക്കും. സ്‌പോൺസർഷിപ്പ് വഴി നൽകുന്ന 8 വീടുകളിൽ ഏഴെണ്ണത്തിന്റെ നിർമാണം പൂർത്തിയായി.

പുറമ്പോക്ക് ഭൂമിയിലെ വീട് നഷ്ടപ്പെട്ടവരിൽ 71 പേർക്കായി ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. പട്ടാമ്പിയിൽ പത്തുപേർക്കായി വില്ലകളും പാലക്കാട് 61 പേർക്കായി ഫ്ലാറ്റുമാണ് നിർമിക്കുന്നത്.

സുരക്ഷിതമല്ലാത്ത പ്രദേശത്ത് താമസിക്കുന്ന 38 പേർക്കും 6 ലക്ഷം രൂപ നൽകിയിട്ടുണ്ട്. സ്വന്തമായി ഭൂമി വാങ്ങിയവർക്കും സർക്കാർ ഭൂമി പതിച്ച് നൽകിയവർക്കും വീട് നിർമാണത്തിനായി 4 ലക്ഷം കൂടി അനുവദിക്കും.

പ്രളയത്തിലും മണ്ണിടിച്ചിലിലും മരണപ്പെട്ട 23 പേരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപവീതം നൽകി. വീട്ടുപകരണങ്ങൾ നശിച്ച 8609 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം നൽകുന്നതിന് 8.60 കോടി ചെലവഴിച്ചു.

 38.3 കിലോ മീറ്റർ റോഡ് പുനർനിർമ്മിച്ചു

പൊതുമരാമത്ത് വകുപ്പ് വഴി പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ജില്ലയിലെ 38.3 കിലോ മീറ്റർ റോഡുകളുടെ പുനർനിർമാണം പൂർത്തിയാക്കി. 103 ലക്ഷം ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.

5050 ലക്ഷം ചെലവഴിച്ച് 226.88 കിലോമീറ്റർ നിരത്തുകൾ പുനർനിർമ്മിച്ചു. ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന 61.96 കിലോമീറ്റർ റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. 13,49,80856 രൂപ പഞ്ചായത്തുകൾ ഇതുവരെ ചെലവഴിച്ചു.


ഷൊർണൂർ നഗരസഭ പരിധിയിൽ 2.250 കിലോമീറ്റർ റോഡുകളും ഒറ്റപ്പാലം നഗരസഭയിൽ 600 മീറ്റർ റോഡുകളും ചെർപ്പുളശ്ശേരിയിൽ 30 റോഡുകളും നന്നാക്കി.

ഷൊർണൂർ നഗരസഭ 36,67641 രൂപ റോഡുകളുടെയും 1,13,5179 രൂപ കൾവെർട്ടറുകളുടെയും നിർമ്മാണത്തിനായും ചെലവഴിച്ചു. ഒറ്റപ്പാലം നഗരസഭ 6,00,000 രൂപയും ചെർപ്പുളശ്ശേരി നഗരസഭ 3 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.

 കുണ്ടറച്ചോല പുതിയപാലം ആഗസ്റ്റിൽ തുറന്നുകൊടുക്കും

നെന്മാറ - നെല്ലിയാമ്പതി റോഡിലുള്ള കുണ്ടറച്ചോലയിൽ 150 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയപാലം നിർമ്മിക്കുന്നത്. പണി പൂർത്തീകരിച്ച് ആഗസ്റ്റിൽ തുറന്നുകൊടുക്കും. പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് പൂർത്തീയായി. സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പുരോഗമിക്കുന്നു.

 9593 വൈദ്യുതി ബന്ധങ്ങൾ പുനഃസ്ഥാപിച്ച് കെ.എസ്.ഇ.ബി

പ്രളയത്തിൽ തകരാറിലായ 9593 വൈദ്യുതി കണക്ഷനുകൾ കെ.എസ്.ഇ.ബി പുനഃസ്ഥാപിച്ചതായി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു. 2,87,79000 രൂപയാണ് ഇതിനായി ചെലവഴിച്ചത്.

പൂർണമായും തകർന്ന 3135 പോസ്റ്റുകളും കേടുപാടുകൾപറ്റിയ 39 ട്രാൻസ്‌ഫോർമറുകളും പുനസ്ഥാപിച്ചു. പോസ്റ്റുകൾ പുനഃസ്ഥാപിക്കാൻ 1,25,40000 രൂപയും ട്രാൻസ്‌ഫോർമറുകൾക്കായി 39 ലക്ഷം രൂപയും ചെലവായി. 2,75,44500 രൂപ ഇലക്ട്രിക് ലൈനുകൾ പുനഃസ്ഥാപിക്കുന്നതിനായി ചിലവഴിച്ചു.

 ദുരിതാശ്വാസ സഹായം കൃഷിവകുപ്പ് ചെലവഴിച്ചത് 31,32500 രൂപ

49754 കർഷകർക്കായി കൃഷിവകുപ്പ് 31,32500 രൂപ ദുരിതാശ്വാസ സഹായമായി വിതരണം ചെയ്തു. ജില്ലയിൽ 8535.68 ഹെക്ടർ കൃഷി നശിച്ചിരുന്നു.

പ്രളയത്തിലും മണ്ണിടിച്ചിലിലും ഭൂമി നഷ്ടപ്പെട്ട 7 കർഷകർക്ക് എസ്.ഡി.ആർ.എഫ് ദുരിതാശ്വാസ സഹായം അനുവദിച്ചു. സോയിൽ അമീലിയോറന്റ്‌സ് ഇൻ സെലക്ടഡ് ഡിസ്ട്രിക്ട് പദ്ധതി പ്രകാരം 55718 കർഷകർക്കും 2111847 രൂപ ചിലവഴിച്ച് മിഷൻ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ പദ്ധതിയുടെ പ്രളയ സ്‌പെഷ്യൽ പാക്കേജായി 4542 കർഷകർക്കും സഹായം അനുവദിച്ചു.

11805 കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതി പ്രകാരം സഹായം ലഭ്യമാക്കി. പ്രളയത്തിൽ കൃഷി സ്ഥലത്ത് അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി 474 കർഷകർക്ക് സഹായം അനുവദിച്ചു.

 മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പും സഹായം നൽകി

ജില്ലയിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെടുകയും തൊഴുത്തുകളും മറ്റും നശിക്കുകയും ചെയ്ത 193 കർഷകർക്ക് മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും മുഖേന സഹായങ്ങൾ നൽകി. ഇരുപതിനായിരം കിലോഗ്രാം കാലിത്തീറ്റ, 2000 കിലോഗ്രാം മിനറൽ മിസ്റ്റർ അമ്പതിനായിരം മുട്ടകൾ എന്നിവ സൗജന്യമായി വിതരണം ചെയ്തു.

 രേഖകൾ അടിയന്തരമായി വിതരണം ചെയ്തു

പ്രളയത്തിൽ നഷ്ടപ്പെട്ട റേഷൻ കാർഡ്,ആധാർ കാർഡ്, എസ്എസ്എൽസി ബുക്ക്, ആധാരം, ഉന്നത വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട്, മറ്റ് പ്രധാന രേഖകൾ എന്നിവ ഉൾപ്പെടെ 355 സർട്ടിഫിക്കറ്റുകൾ അടിയന്തരമായി വിതരണം ചെയ്തു. ആറ് അദാലത്തുകൾ ആണ് ഇതിനായി നടത്തിയത്.