ഷൊർണൂർ: ഗവ. ആശുപത്രിയിലെ ഡയാലിസീസ് യൂണിറ്റിനായി ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ ജനറേറ്റർ തുരുമ്പെടുക്കുന്നു. ഷെഡിലോ റൂമിലോ സൂക്ഷിക്കേണ്ട ജനറേറ്റർ ആശുപത്രിയിലെത്തിച്ചത് മുതൽ മഴയും വെയിലുംകൊണ്ട് കിടപ്പാണ്. ഡയാലിസിസ് യൂണിറ്റിനുള്ള യന്ത്രസാമഗ്രികൾ ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ സംഭാവനയാണ്.
മുൻ എം.പി എം.ബി.രാജേഷിന്റെ ശ്രമഫലമായാണ് ഷൊർണൂർ ആശുപത്രിയിലേക്ക് ഡയാലിസിസ് യൂണിറ്റ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ നാല് ഡയാലിസിസ് മെഷീനുകൾ ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് യൂണിറ്റ് പ്രവർത്തിക്കാൻ അവശ്യമായ ജനറേറ്ററിന്റെ അഭാവത്തിൽ തന്നെ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് മെഷീനുകൾ സൂക്ഷിച്ച മുറി പൂട്ടുകയും ചെയ്തു.
തിരഞ്ഞെടുപ്പിന് ശേഷമാണ് ജനറേറ്റർ എത്തുന്നത്. നിലവിൽ അത് എന്തുചെയ്യണമെന്ന് ആർക്കുമറിയാത്ത അവസ്ഥയാണ്. ജനറേറ്റർ സ്ഥാപിക്കുന്നതിന് ഷെഡ് ഉണ്ടാക്കണം. വയറിംഗ് നടത്തണം. അതുകൊണ്ടും പ്രശ്‌നം തീരില്ല. രണ്ട് ഡോക്ടർമാരും നാല് നേഴ്‌സുമാരും ഉൾപ്പെടെ എട്ട് ജീവനക്കാരും യൂണിറ്റ് പ്രവർത്തിക്കാൻ ആവശ്യമാണ്. ജീവനക്കാരെ നിയമിക്കേണ്ട സർക്കാരും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അധികൃതർ.