കൊല്ലങ്കോട്: ഇടവപ്പാതിയും ഞാറ്റുവേലയും കൈവിട്ടതോടെ ഇനി കർഷകരുടെ പ്രതീക്ഷ കർക്കിടകത്തിലാണ്. മഴ കുറഞ്ഞതോടെ ജില്ലയിലെ കാർഷികമേഖല വലിയ പ്രതിസന്ധിയിലാണ്. ഞാറ്റുവേലയുടെ തുടക്കത്തിൽ ജില്ലയിൽ പലയിടത്തും ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതോടെ നടീൽ പൂർത്തിയാക്കി പല കർഷകരും. പിന്നീട് മഴ കാര്യമായി ലഭിച്ചിട്ടില്ല.
നെല്ലിയാമ്പതി മലനിരയുടെ വൃഷ്ടി പ്രദേശങ്ങളിലും കൊല്ലങ്കോട്, വടവന്നൂർ, പുതുനഗരം, പല്ലശ്ശന, എലവഞ്ചേരി, മുതലമട പ്രദേശങ്ങളിൽ മഴ ലഭിക്കാത്തതിനാൽ നടീൽ കഴിഞ്ഞ പാടങ്ങൾ ഉണക്ക് ഭീഷണിയിലാണ്. രാസവളങ്ങൾ പ്രയോഗത്തിന് ശേഷം മഴയില്ലാതായാൽ വിള നശിക്കാൻ കാരണമാകും. വരും ദിവസങ്ങളിൽ മഴ ലഭിച്ചാൽ മാത്രമേ രണ്ടാംവിളയിൽ നല്ല വിളവ് ലഭിക്കു.
കോടികൾ ചെലവഴിച്ച് നടപ്പിലാക്കായ പലകപ്പാണ്ടി ഡൈവേഴ്‌സൻ പദ്ധതിയും നോക്കുകുത്തിയായിരിക്കുകയാണ്. നിറഞ്ഞൊഴുകുന്ന പലകപ്പാണ്ടി
മലവെള്ളച്ചാട്ടം ഇപ്പോൾ വരണ്ടുണങ്ങിയ നിലയിലാണ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകരാണ് ഇത്തവണ കനത്ത പ്രതിസന്ധി നേരിടുന്നത്. ഞാറുപറിച്ച് നടീൽ നടത്താൻ കഴിയാത്തതിനാൽ ഞാറിന് മുപ്പ് കൂടി ഉണങ്ങിയ നിലയിലാണ്. ഡാമുകളിലും ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ഏറെ ആശങ്കയിലാണ് കർഷകർ.