ചെർപ്പുളശ്ശേരി: നഗരസഭയിൽ ഒരുവികസന പ്രവർത്തനവും നടക്കുന്നില്ലെന്നും അഴിമതിയും കൈക്കൂലിയും സ്വജന പക്ഷാപാതവുമാണ് യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയുടെ മുഖമുദ്രയെന്നും സി.പി.എം മുനിസിപ്പൽ കമ്മിറ്റി നേതാക്കൾ ആരോപിച്ചു. ഭരണപരാജയം മറച്ചുവെക്കാൻ ഇപ്പോൾ സി.പി.എമ്മിനെതിരെ നുണപ്രചരണം നടത്തുകയാണ്.

സമഗ്ര കുടിവെള്ള പദ്ധതി, പുതിയ ബസ് സ്റ്റാന്റ് നിർമ്മാണം, നഗരവികസനം, തടയണ നിർമ്മാണം തുടങ്ങിയ ഒരു പദ്ധതികളും നടപ്പാക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ജനജീവിതം ദുസഹമാക്കും വിധം നികുതി വർദ്ധനവാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. നികുതിയുടെ പേരിൽ തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്. നഗരസഭാ വൈസ് ചെയർമാന്റെ ഡ്രൈവറെ വിജിലൻസ് പിടികൂടിയത് സി.പി.എമ്മിന്റെ പരാതിയിയിലല്ല. വൈസ് ചെയർമാന്റെ ധിക്കാരമാണ് നഗരസഭയിൽ നടപ്പാക്കുന്നത്. നഗരസഭയിലെ ജീവനക്കാർവരെ ഈ പീഡനം അനുഭവിക്കുന്നു. ഇതിന്റെ ഭാഗമായാണ് വനിതയായ നഗരസഭാ സെക്രട്ടറിക്ക് പൊലീസിൽ പരാതി നൽകേണ്ടി വന്നത്. കുടുംബശ്രീ ചെയർപേഴ്‌സൺ ഈ ഭീഷണിക്കെതിരെ വനിതാ കമ്മിഷണിലും പരാതി നൽകിയിരിക്കുകയാണ്.

അധികാരം നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് ചില കുതിര കച്ചവടവുമായി യു.ഡി.എഫ് രംഗത്ത് വന്നിരിക്കുന്നത്. വൈസ് ചെയർമാന്റെ രാജി നാടകവും ഇതിന്റെ ഭാഗമാണ്. അഴിമതിയിൽ പ്രതിയായവരെ കൊണ്ടുവന്നാണ് ജനങ്ങളെ ബോധവത്കരിക്കുന്നത്. നുണപ്രചരണങ്ങളും വിവാദങ്ങളും സൃഷ്ടിച്ച് സ്വയം വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാർത്ഥ വസ്തുതകൾ മറച്ചു വച്ച് ജനങ്ങളെയും മാധ്യമങ്ങളെയും നേതാക്കൾ തെറ്റുദ്ധരിപ്പിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും സി.പി.എം ചെർപ്പുളശ്ശേരി ലോക്കൽ സെക്രട്ടറി കെ.നന്ദകുമാർ, കാറൽമണ്ണ ലോക്കൽ സെക്രട്ടറി പി.രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ടി.സത്യൻ, കെ.ഗംഗാധരൻ, എം.സിജു എന്നിവർ പറഞ്ഞു.