കൊല്ലങ്കോട്: ആന്തൂർ മോഡൽ ചുവപ്പുനാട കുരുക്ക് തുടർക്കഥയാകുന്നു. പുതുനഗരത്തെ ബഹുനില കെട്ടിടത്തിന് നമ്പർ ലഭിക്കാനായി എട്ടുവർഷമായി തത്തമംഗലം സ്വദേശി ടി.സാലുദ്ദീനും ഭാര്യ നിലാവർന്നീസയും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നു. ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥയുടെ മറ്റൊരു ഇരയാവുകയാണ് ഈ ദമ്പതികൾ.
പുതുനഗരം ജംഗ്ഷനിൽ അഞ്ചു നിലകളുള്ള കെട്ടിടം പണിയുന്നതിനായ 2007ലാണ് പഞ്ചായത്തിൽ നിന്നും പെർമിറ്റ് ലഭിച്ചത്. തുടർന്ന് രണ്ടു ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയാക്കി. 2010ൽ ആദ്യമൂന്ന് നിലകളും 2011ൽ അവസാനത്തെ രണ്ടുനിലകളും പൂർത്തിയാക്കി. നിർമ്മാണം ആരംഭിക്കുമ്പോൾ 1999ലെ മുനിസിപ്പൽ ആക്ട് പ്രകാരമാണ് പെർമിറ്റ് നൽകിയത്. ഇതനുസരിച്ച് കെട്ടിടത്തിന്റെ മുൻഭാഗത്ത് 125 ചതുരശ്ര അടി സ്ഥലം വേണമെന്ന് നിബന്ധനയുണ്ടായിരുന്നു. കൂടാതെ വികലാംഗകർക്ക് കയറിയിറങ്ങാനുള്ള സൗകര്യം, ഫയർ ആന്റ് സേഫ്റ്റി സംവിധാനങ്ങൾ, പാർക്കിംഗ് സൗകര്യം എന്നിവയും ഉറപ്പാക്കിയിരുന്നു. ആദ്യഘട്ടം പൂർത്തിയാക്കിയപ്പോൾ പഞ്ചായത്ത് മൂന്ന് നിലകൾക്ക് നമ്പർ അനുവദിച്ചു. 2011 ലാണ് നാലും അഞ്ചും നിലകൾ പൂർത്തിയാക്കിയത്. ഇതിന്റെ നമ്പറിനായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ 2011ലെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം കെട്ടിടം പൂർത്തീകരിച്ചതിൽ അപാകതയുണ്ടെന്ന് പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു.
പിന്നീട് കാത്തിരുന്ന് സഹികെട്ട സാലുദ്ദീൻ 2018ൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഈ കഴിഞ്ഞ മാർച്ച് 23ന് കോടതി സാലുദ്ദീന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ആ ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചെങ്കിലും ഫയൽ പൂഴ്ത്തിവെച്ച് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. ശേഷം പുതുതായി ചാർജെടുത്ത സെക്രട്ടറി കഴിഞ്ഞ ജൂൺ 14 കെട്ടിടം അളന്ന് തിട്ടപ്പെടുത്തി പോയതെല്ലൊതെ ഇതുവരെ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും സാലുദ്ദീൻ പറയുന്നു.
കെട്ടിടത്തിന് നമ്പർ കിട്ടാതായതോടെ കടകൾ പലതും വാടകയ്ക്ക് പോയിട്ടില്ല. അതിനാൽ തന്നെ വരുമാനവും കുറവാണ്. ജീവിത സമ്പാദ്യം മുഴുവനും ചെലവഴിച്ചാണ് ഇത്തരത്തിൽ ഒരു കെട്ടിടം പണിതതെന്നും അടിയന്തരമായി ഇതിനൊരു പരിഹാരം വേണമെന്നാണ് സാലുദ്ദീന്റെ ആവശ്യം.