മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളേജിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ ദേശീയ വുഷു ചാമ്പ്യനെ മർദ്ദിച്ചു. ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി ചേരേങ്ങൽതൊടി അബൂബക്കറിന്റെ മകൻ ദിൽഷാദിനെയാണ് റാഗ് ചെയ്തത്. മർദ്ദനത്തിൽ ദിൽഷാദിന്റെ കർണപടത്തിന് ഗുരുതര പരിക്കേറ്റു.
കോളേജിലെ ഊക്കൻസ് എന്ന പേരുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ദിൽഷാദിന്റെ ബന്ധുക്കൾ ആരോപിച്ചു. ഇവർക്കെതിരെ കോളേജ് അധികൃതരും പൊലീസും നടപടിയെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ദിൽഷാദിനെ കൂട്ടമായി എത്തിയ സീനിയർ വിദ്യാർത്ഥികൾ ആക്രമിക്കുകയായിരുന്നു. അസഭ്യം പറയുകയും അടിക്കുകയും ചെയ്‌തെന്ന് ദിൽഷാദ് പറഞ്ഞു.
മർദ്ദനത്തെ തുടന്ന് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് കർണപടം പൊട്ടിയതായി ഡോക്ടർമാർ പറഞ്ഞത്. വുഷു ദേശീയ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ തവണ ദിൽഷാദ് സ്വർണമെഡൽ നേടിയിരുന്നു. വരുന്ന ശനിയാഴ്ചയാണ് ഈ വർഷത്തെ സംസ്ഥാന മീറ്റ്. ആഗസ്റ്റിൽ ദേശീയ മീറ്റും നടക്കും. എന്നാൽ കർണപടം സാരമായി പരിക്കേറ്റതിനാൽ മീറ്റിൽ പങ്കെടുക്കാൻ പറ്റുമോയെന്ന സംശയത്തിലാണ് ബന്ധുക്കൾ. ദിൽഷാദ് ഇപ്പോൾ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.