വടക്കഞ്ചേരി: കഴിഞ്ഞ ദിവസം പെരുംപരുതയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വീട്ടമ്മയുടേത് കൊലപാതകമെന്ന് പോസ്റ്റേമോർട്ടം റിപ്പോർട്ട്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നതിനാൽ രാസപരിശോധനയിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കു എന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് കിഴക്കഞ്ചേരി വെട്ടിക്കൽ കുളമ്പ് കൊടുമ്പാല ചേക്കയിൽ വീട്ടിൽ വർഗീസിന്റെ ഭാര്യ സിസിലി (66)നെ പനംകുറ്റി പാറക്കുളം പെരുംപരുതയിൽ പ്രവർത്തനരഹിതമായ കരിങ്കൽ ക്വാറിക്ക് സമീപം മരിച്ച നിലയിൽ കണ്ടത്. വഴിയിൽ നിന്നും അമ്പത് മീറ്റർ മാറി കുറ്റിക്കാട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്ത് നിന്നും ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാലും വസ്ത്രങ്ങൾ സ്ഥാനം തെറ്റി കിടന്നതുമാണ് മരണത്തിൽ ദുരൂഹത വർദ്ധിപ്പിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്നും ചെരുപ്പുകളും, ഇവർ ധരിച്ചതെന്ന് കരുതുന്ന കൊന്തയും, ഒരു കുടയും പൊലീസ് കണ്ടെടുത്തു.

മൃതദേഹം കിടന്ന സ്ഥലത്ത് ഉന്നത പൊലീസ് സംഘമെത്തി പരിശോധന നടത്തി. പാലക്കാട് നിന്നുള്ള പൊലീസ് നായ റോക്കി മണം പിടിച്ച് പാറക്കളം കോളനി ഭാഗത്തേക്ക് ഒരു കിലോമീറ്ററോളം ഓടി. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ, ഇന്റലിജന്റ്‌സ് ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.സുന്ദരൻ, സി.ഐ ബി.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആലത്തൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ സിസിലിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം മൃതദേഹം കണ്ടത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു.