നെല്ലിയാമ്പതി: പോത്തുണ്ടി അണക്കെട്ടിലേക്ക് നെല്ലിയാമ്പതി മലനിരകളിൽ നിന്ന് അധിക വെള്ളമെത്തിക്കുന്നതിനായുള്ള ഏലംപാറ തടയണ പദ്ധതി സർവേയിൽ ഒതുങ്ങി. നെല്ലിയാമ്പതിയിലെ കൊട്ടയങ്ങാടി, വൽവാച്ചി, പുലയമ്പാറ തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് ഒഴുകിവരുന്ന വെള്ളം കൂനംപാലത്തിന് സമീപം ഏലംപാറയിൽ തടയണ നിർമ്മിച്ച് തടയുകയും, പിന്നീട് കേശവൻപാറ തുരന്ന് ടണൽവഴി ഇരുമ്പുപാലം വഴി പോത്തുണ്ടി അണക്കെട്ടിലേക്ക് എത്തിക്കുകയെന്നതാണ് പദ്ധതി.
പാടശേഖര സമിതികളുടെയും പോത്തുണ്ടി അണക്കെട്ട് ഉപദേശക സമിതിയുടെയും അപേക്ഷ പ്രകാരം ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജീനിയർ രണ്ടുതവണ പദ്ധതിക്കായി സർവേ നടത്തി. സർവേ പൂർത്തിയായി അഞ്ചുവർഷം കഴിഞ്ഞിട്ടും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. തടയണയിൽ നിന്ന് കേശവൻപാറയിലൂടെ അഞ്ചുമീറ്റർ താഴ്ചയിൽ 500 മീറ്റർ ദൂരം ടണൽ നിർമ്മിക്കുകയോ, പാറപൊട്ടിച്ച് കനാൽ നിർമ്മിച്ചോവേണം അണക്കെട്ടിലേക്ക് വെള്ളമെത്തിക്കാൻ. സാധാരണ സമയങ്ങളിൽ ജനുവരി വരെ ഈ പുഴയിൽ നീരൊഴുക്ക് ഉണ്ടാകുന്നതിനാൽ വെള്ളം തടയണയിൽ സംഭരിച്ച് പോത്തുണ്ടി അണക്കെട്ടിലേക്ക് എത്തിക്കാൻ കഴിയും.
കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടിവരുമെന്നതിനാൽ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന് തുല്യമായി ജലസേചന വകുപ്പിന്റെ സ്ഥലം വിട്ടുനൽകാനുള്ള നടപടി സ്വീകരിക്കാനും ധാരണയായിരുന്നു. നിലവിൽ ഈ പുഴയിലെ അധികവെള്ളം നൂറടിപുഴയിലൂടെ കാരപ്പാറ പുഴയിലെത്തി ചാലക്കുടിപ്പുഴയിലൂടെ അറബിക്കടലിലേക്ക് എത്തുകയാണ്. ശക്തമായ മഴ പെയ്താൽ നൂറടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ സമീപത്തെ വീടുകളിൽ വെള്ളം കയറുന്നതും പതിവാണ്. അടിയന്തരമായി പദ്ധതിയുടെ തുടർ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
അധികമായി ഒഴുകിപോകുന്ന വെള്ളം പോത്തുണ്ടി അണക്കെട്ടിലേക്ക് എത്തിച്ചാൽ മൂന്നു പഞ്ചായത്തിലെ കുടിവെള്ളത്തിനും, ഏഴു പഞ്ചായത്തുകളിലെ കാർഷിക ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയും.
സി.മോഹൻദാസ്, പോത്തുണ്ടി അണക്കെട്ട് ഉപദേശക സമിതി അംഗം