പാലക്കാട്; അനുമതിയില്ലാതെ നഗരത്തിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ കുടിവെള്ള സ്ഥാപനമായ സുരഭി ഡിസ്ട്രിബ്യൂട്ടർ അടച്ചുപൂട്ടിയതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ അറിയിച്ചു. ഈ സ്ഥാപനത്തിൽ നിന്നും വിതരണം ചെയ്ത 20 ലിറ്റർ കുടിവെള്ള കാനിനകത്ത് കൊതുകിന്റെ ലാർവ കണ്ടെത്തിയെന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സ്ഥാപനം അടച്ചുപൂട്ടിയത്.
നിർമ്മാണ സ്ഥാപനത്തിന്റെ പേര്, ലൈസൻസ് നമ്പർ തുടങ്ങിയ വിവരങ്ങൾ ലേബലിൽ ഉണ്ടായിരുന്നില്ല. നഗരത്തിലെ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ള ഡിസ്‌പെൻസറികളിലും ഇത്തരം കാനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇവ കാരണമാകുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളിൽ കണ്ടെത്തിയിരുന്നു.
ഐ.എസ്.ഐ മുദ്രയോടുകൂടി നിർമ്മാതാവിന്റെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തിയ ലേബലോടു കൂടി മാത്രമേ കുപ്പിവെള്ളം പായ്ക്ക് ചെയ്ത് വിൽപന നടത്താവൂ എന്ന് 2006 ലെ ഭക്ഷ്യസുരക്ഷാ നിയമത്തിൽ വ്യവസ്ഥയുണ്ട്. കുപ്പിവെള്ള നിർമാണ കമ്പനികളിൽ നിന്നും 20 ലിറ്റർ പായ്ക്ക് ചെയ്ത കുടിവെള്ളമെടുത്ത് വിതരണം ചെയ്യുന്ന വിതരണക്കാർ നിർബന്ധമായും ലൈസൻസ്/ രജിസ്‌ട്രേഷൻ വാഹനത്തിൽ സൂക്ഷിക്കേണ്ടതാണ്. പരിശോധനയിൽ നിയമം ലംഘിക്കപ്പെട്ടതായി കണ്ടെത്തിയാൽ ആറുമാസം തടവും അഞ്ച് ലക്ഷം പിഴയും ശിക്ഷ ലഭിക്കും. സ്ഥാപനങ്ങളിലും ഓഫീസുകളിലും വീടുകളിലും കുടിവെള്ള ക്യാനുകൾ വാങ്ങി ഉപയോഗിക്കുന്നവർ അംഗീകൃത വിതരണക്കാരിൽ നിന്നും ഐ.എസ്.ഐ മുദ്രയയും കൃത്യമായ ലേബൽ വിവരങ്ങളും വൃത്തിയുള്ളതും ഉൾവശം വ്യക്തമായി കാണാൻ സാധിക്കുന്നതുമായ ക്യാനുകളാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കുടിവെള്ള നിർമ്മാണ കമ്പനികൾ മുദ്രയോടുകൂടി നിയമാനുസൃത ലൈസൻസ് എടുത്തതിനു ശേഷം മാത്രമേ 20 ലിറ്റർ പാക്കേജ്ഡ് കുടിവെള്ളം നിർമ്മിക്കാൻ പാടുള്ളൂവെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ അറിയിച്ചു.