മണ്ണാർക്കാട്: കുമരംപുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പകർച്ചപനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ഈ ആഴ്ചയിൽ ഒരുദിവസം 400ഓളം ആളുകൾ പനി ബാധിച്ച് ചികിത്സതേടിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. പകർച്ചപ്പനിയോടൊപ്പം ഡെങ്കിയും മഞ്ഞപ്പിത്തവും കോളറയും പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കുട്ടികളാണ് പനിബാധിച്ച് ചികിത്സയ്ക്ക് എത്തുന്നവരിൽ കൂടുതലും. പൂർണമായും പനിമാറാതെ ഇവർ സ്‌കൂളിൽ പോകുന്നത് കൂടുതൽപേർക്ക് പനി പകരാൻ കാരണമാകുന്നു. പെട്ടെന്ന് സുഖപ്പെടുന്ന പനിയാണെങ്കിലും പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്നതാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം. പഞ്ചായത്തിലെ അക്കിപ്പാടം, എടേരം, പയ്യനെടം, മൈലാംപാടം, നെച്ചുള്ളി, ആവണക്കുന്ന്, പള്ളിക്കുന്ന്, കല്ല്യാണക്കാപ്പ് പ്രദേശങ്ങളിലാണ് പനി പ്യാപകം. കാലാവസ്ഥ വ്യതിയാനം വ്യക്തികളിലെ പ്രതിരോധ ശേഷി കുറയാൻ കാരണമാകുന്നുണ്ട്. അതോടൊപ്പം പരിസരത്ത് കൊതുകുകൾ വർദ്ധിക്കുന്നതിനും ഇടയാക്കുന്നു. ഇതോടെ ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തം, വയറിളക്കം എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുക, ഭക്ഷണം അടച്ചുവച്ച് സൂക്ഷിക്കുക, പരിസര - വ്യക്തി ശുചിത്വം പാലിക്കുക എന്നിവയാണ് പ്രതിരോധ നടപടിയെന്ന് ഡോ. ഷാനവാസ് പറഞ്ഞു.