പാലക്കാട്: കേരള കൗമുദി, എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയൻ, വനിതാസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ' സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം' ഏകദിന സെമിനാർ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. എടത്തറ ശ്രീനാരായണഗുരു മന്ദിരത്തിൽ നടന്ന പരിപാടി വെസ്റ്റ് യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. കേരള കൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ.സുരേഷ് കുമാർ ആമുഖപ്രഭാഷണം നടത്തി. തുടർന്ന് നടന്ന സെമിനാറിൽ ' സാമൂഹ്യ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് ' എന്ന വിഷയത്തിൽ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ലത നായർ ക്ലാസെടുത്തു.

സ്ത്രീകൾ യഥാർത്ഥത്തിൽ രത്‌നങ്ങളാണെന്ന് അവർ തിരിച്ചറിയണം. സ്ത്രീരത്‌നം എന്ന് പുരുഷന്മാരെ വിശേഷിപ്പിക്കാറില്ലെന്ന് അവർ പറഞ്ഞു. രാമനോടൊപ്പം കാട്ടിലേക്ക് പോകുന്ന ലക്ഷ്മണന് അമ്മ സുമിത്ര നൽകുന്ന ഉപദേശം വളരെ ശ്രദ്ധേയമാണ്. ജ്യേഷ്ഠ പത്‌നിയായ സീതയെ സ്വന്തം അമ്മയെപോലെ കാണണമെന്നാണ് സുമിത്ര ഉപദേശിച്ചത്. ഇത്തരം ഉപദേശം നൽകണമെങ്കിൽ അത്രയും വലിയ ആന്തരികസത്ത സുമിത്രയിൽ ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. ഇത്തരം ആന്തരിക ശക്തി എല്ലാ സ്ത്രീകളിലും ഉണ്ടെന്നും അത് സ്വയം തിരിച്ചറിഞ്ഞ് വളർത്തികൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു.


തുടർന്ന് സ്ത്രീകളും മന:ശക്തിയും എന്ന വിഷയത്തിൽ മനോമിത്ര സൈക്യാട്രിക് കെയർ ആന്റ് കൗൺസിലിംഗ് സെന്ററിലെ കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ആർ.പാർത്ഥസാരഥി ക്ലാസെടുത്തു. ഓരോ പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നത് വെറും വാക്കല്ല. അമ്മയും ഭാര്യയും മകളുമായി വ്യത്യസ്ത മേഖലകളിൽ സ്ത്രീകൾ അവരുടെ പങ്ക് നിർവഹിക്കുന്നു. പുരുഷനേക്കാൾ താഴെയാണ് തങ്ങളെന്ന് ഒരിക്കലും കരുതേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാമിവിവേകാനന്ദൻ ലോകപ്രശസ്തിയിലേക്ക് ഉയർന്നത് അമ്മയുടെ ഉപദേശവും മാർഗദർശനവും കൊണ്ടാണ്. ഓരോ അമ്മമാർക്കും മക്കളെ ഇത്തരത്തിൽ മാർഗദർശനം നൽകി ഉന്നതിയിൽ എത്തിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഉച്ചയ്ക്ക് ശേഷം നടന്ന സെഷനിൽ സ്ത്രീസുരക്ഷയും സ്വയംരക്ഷയും പ്രായോഗിക പരിശീലനത്തോടൊപ്പം എന്ന വിഷയത്തിൽ പാലക്കാട് വനിതാസെൽ സി.ഐ കെ.വി.മീനാകുമാരി ക്ലാസെടുത്തു. സ്ത്രീസുരക്ഷാ നിയമങ്ങളെ കുറിച്ചും സ്വയം പ്രതിരോധപാഠങ്ങളെ കുറിച്ചും അവർ ക്ലാസെടുത്തു.


ദാക്ഷായണി പാലയ്ക്കൽ, വനിതാസംഘം പ്രസിഡന്റ് സുശീല ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ഭാമാ ഭഗവൽദാസ്, സെക്രട്ടറി ഷിജി സുനിൽ, കേന്ദ്രകമ്മിറ്റി അംഗം സുമംഗല എസ്.സുന്ദരൻ, വൈസ് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ, യോഗം ഡയറക്ടർമാരായ ടി.സി.സുരേഷ് ബാബു, സുമേഷ് ചാത്തംകുളം, സുരേഷ് കളത്തിൽ എന്നിവർ സംബന്ധിച്ചു.