പാലക്കാട്: നഗരത്തിൽ കുഴികൾ നിറഞ്ഞ് തകർന്ന റോഡ് നന്നാക്കി ട്രാഫിക് പൊലീസ് വീണ്ടും മാതൃകയായി. ട്രാഫിക് എസ്.ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള 40 ഓളം പേരടങ്ങുന്ന സംഘമാണ് ഇന്നലെ കാടാങ്കോട് - ചിറ്റൂർ പാതയിൽ മേൽപ്പാലത്തിനു താഴെ റോഡിലെ കുഴികൾ അടച്ചത്.
രാവിലെ ഏഴു മണിക്ക് ആരംഭിച്ച പ്രവൃത്തി എട്ടുമണി വരെ നീണ്ടു. രാവിലത്തെ പരേഡ് ഒഴിവാക്കിയാണ് പൊലീസുകാർ സേവനത്തിന് ഇറങ്ങിയത്. കുഴി അടയ്ക്കാനുള്ള സിമന്റ്, കല്ല്, മണ്ണ് തുടങ്ങിയവ പൊലീസ് തന്നെയാണ് ശേഖരിച്ചത്. ഇത് രണ്ടാം തവണയാണ് ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ റോഡിലെ കുഴികൾ അടയ്ക്കുന്നത്. കഴിഞ്ഞ തവണ കൽമണ്ഡപം ബൈപാസ്, വെണ്ണക്കര പാളയം റോഡ് എന്നിവിടങ്ങളിലെ വൻകുഴികളും ഇവർ നികത്തിയിരുന്നു. നഗരത്തിലെ വിവിധ റോഡുകൾ ഗർത്തങ്ങൾ രൂപപ്പെട്ട് തകർന്നിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ട്രാഫിക് പൊലീസിന്റെ മാതൃകാ പ്രവർത്തനം.