പാലക്കാട്: പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കണമെങ്കിൽ ഉത്പാദനം കൂട്ടുന്നതോടൊപ്പം പശുക്കളുടെ എണ്ണത്തിലും വർദ്ധനവുണ്ടാക്കണമെന്ന് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. കന്നുകാലി പ്രജനന നയത്തിന്റെ ഭാഗമായി കർഷകരുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പിലെ ഉദ്യോഗസ്ഥർക്കുള്ള ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധോണി ഫാമിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി അധ്യക്ഷയായി.

ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും 4.7 ലക്ഷം ലിറ്റർ പാലാണ് ഇറക്കുമതി ചെയ്തിരുന്നത്. നിലവിൽ അത് ഒരുലക്ഷം ലിറ്റർ മാത്രമാണ്. 2008 ലെ കന്നുകാലി സെൻസസും 2013 ലെ സെൻസസും താരതമ്യം ചെയ്യുമ്പോൾ 23 ശതമാനം കന്നുകാലികളുടെ കുറവുണ്ടായിരുന്നു. 2018ൽ കന്നുകാലികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. ക്ഷീരവികസനം, മൃഗസംരക്ഷണം, ലൈവ്‌സ്റ്റോക് ഡെവലപ്‌മെന്റ്, മിൽമ എന്നീ വകുപ്പുകൾ സംയോജിച്ച് പ്രവർത്തിച്ചാൽ മൃഗസംരക്ഷണ, ക്ഷീരവികസനമേഖലയിൽ കാതലായ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കന്നുകാലി പ്രജനന നയം രൂപീകരിക്കുമ്പോൾ കാലാവസ്ഥ, സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾ, വിഭവ ലഭ്യതയിലുള്ള വ്യതിയാനം എന്നിവ കണക്കിലെടുക്കണം. ഇതിനനുസരിച്ച് പത്ത് വർഷം മുൻപുള്ള കന്നുകാലി പ്രജനന നയത്തിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. കന്നുകാലി പ്രജനന നയരേഖ, പ്രജനന നയത്തെക്കുറിച്ചും ക്രിത്രിമ ബീജധാനത്തെക്കുറിച്ചും പരിശീലകർക്കുള്ള മാർഗരേഖ എന്നിവ മന്ത്രി പ്രകാശനം ചെയ്തു.

പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് കെ.എ.പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ എ.ബിന്ദു സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ജഹസർ, കെ.എൽ.ഡി.ബോർഡ് മാനേജിംഗ് ഡയറക്ടർഡോ.ജോസ് ജെയിംസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർഡോ.പി.സി.സുനിൽകുമാർ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്.ശ്രീകുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ(1,2): കന്നുകാലി പ്രജനന നയത്തിന്റെ ഭാഗമായി പരിശീലകർക്കുള്ള ഏകദിന പരിശീലനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു