വടക്കഞ്ചേരി: കിഴക്കഞ്ചേരി വെട്ടിക്കൽകുളമ്പ് കൊടുമ്പാല ചേക്കയിൽ വീട്ടിൽ വർഗീസിന്റെ ഭാര്യ സിസിലി (66) യുടെ കൊലപാതകത്തിൽ പ്രതി സമീപവാസിയായ ലവണപ്പാടം പാറക്കളം കോളനി അമ്പലത്തിങ്കൽ വീട്ടിൽ ബിജു (40) നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അന്വേഷണ സംഘം പ്രതിയുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയിൽ ഹാജറാക്കും.

വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് ശേഷം 24 മണിക്കൂറിനുള്ളിലായിരുന്നു അറസ്റ്റ്. ഒറ്യ്ക്ക് താമസിച്ചുവരുകയായിരുന്ന സിസിലി സമീപത്തെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെ പ്രതി കൊലപ്പെടുത്തുയായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചരയോടു പ്രദേശത്ത് പ്രാഥമിക ആവശ്യത്തിന് വേണ്ടി എത്തിയ ഇയാൾ സിസിലി നടന്നുവരുന്നത് കണ്ടപ്പോൾ ആക്രമിക്കുകയായിരുന്നു. ബലാത്സംഗമായിരുന്നു ഇയാളുടെ ഉദ്ദേശം. സിസിലിയെ കടന്ന് പിടിച്ച് വഴിയിൽ നിന്നും അറുപത് മീറ്ററോളം അകലെയുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോകുകയായിരുന്നു. വലിച്ചിഴക്കുന്നതിനിടെ അവശയായ സിസിലിയെ സമീപത്തെ കുറ്റിക്കാട്ടിൽ വച്ച് ലൈംഗികമായി ഉപയോഗിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ബലാത്സംഗത്തിന് ശേഷം സംഭവം പുറത്തറിയുമോ എന്ന ഭയത്താൽ സിസിലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം സിസിലിയുടെ മൊബൈൽ ഫോൺ എടുത്ത് സിം കാർഡും ബാറ്ററിയും ഊരി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് സിസിലി മരിക്കുന്നതെങ്കിലും ചൊവ്വാഴ്ചയാണ് ബന്ധുക്കൾ മൃതദേഹം കാണുന്നത്. ബുധനാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് കൊലപാതകമാണെന്ന് തെളിയുന്നത്.

തൃശൂർ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ കെ.സുരേന്ദ്രന്റെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമത്തിന്റെ നിരീക്ഷണത്തിൽ ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ, വടക്കഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ ബി.സന്തോഷ്, എ.എസ്.ഐ ഉണ്ണി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അയ്യപ്പ ജ്യോതി, ജൂബി ഇഗ്‌നേഷ്യസ്, സിവിൽ പൊലീസ് ഓഫീസർമാരായ ഉക്കാഷ്, ദേവദാസ്, സനൽ, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട റഹീം മുത്തു, കൃഷ്ണദാസ്, സന്ദീപ്, സൂരജ്ബാബു, ദിലീപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.