റോഡ് നിർമ്മാണത്തിനായുള്ള കല്ല് സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയെന്ന് പരാതി
അഞ്ചു ലക്ഷം രൂപയുടെ ബില്ല് പാസാക്കിയിട്ടില്ലെന്ന് കരാറുകാരൻ
റോഡ് നിർമ്മാണം ഈ വർഷത്തെ പദ്ധതിയിൽ ഊൾപ്പെടുത്തി ഭരണസമിതി
ശ്രീകൃഷ്ണപുരം: അമ്പലപ്പാറ നാലാംവാർഡ് മുണ്ടിരിക്കൽപ്പടി റോഡിന്റെ അറ്റകുറ്റപ്പണി അവതാളത്തിൽ. നീർച്ചാൽ നിർമ്മാണത്തിനായി കരാറുകാരൻ പൊട്ടിച്ച കല്ല് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
പഞ്ചായത്ത് കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുണ്ടിരിക്കൽപ്പടി റോഡിന്റെ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത്. ടാറിംഗ്, നിർച്ചാലുകളുടെ പാർശ്വഭിത്തി നിർമ്മാണം എന്നിവക്കായി ഫണ്ടും അനുവദിച്ചിരുന്നു. നിർമ്മാണത്തിനാവശ്യമായ കല്ല് പ്രദേശത്തെ പൊതുസ്ഥലത്തുള്ള പാറപ്പൊട്ടിച്ച് ഉപയോഗിക്കാനായിരുന്നു നിർദ്ദേശം. ഇതേ തുടർന്ന് കരാറുകാരൻ ഏകദേശം ആറുലോഡ് കല്ല് പൊട്ടിച്ചപ്പോൾ സ്വകാര്യവ്യക്തി കല്ലിന് അവകാശവാമുന്നയിച്ച് രംഗത്തെത്തുകയായിരുന്നു. പാറ തന്റെ സ്ഥലത്താണെന്നായിരുന്നു ഇയാളുടെ വാദം. തുടർന്ന് കരാറുകാരന്റെ പരാതിയെ തുടർന്ന് എ.ഇ.ഒ നടത്തിയ പരിശോധനയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലമല്ലെന്ന് കണ്ടെത്തി.
എ.ഇ.ഒ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ടും സമർപ്പിച്ചു. എന്നിട്ടും നാളിതുവരെയായി സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതാണ് ആക്ഷേപം.
പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
6.5 ലക്ഷം രൂപയാണ് പദ്ധതി എസ്റ്റിമേറ്റ്. ഇതുവരെ ചെയ്ത പ്രവർത്തികളുടെ തുക കരാറുകാരന് നൽകിയിട്ടില്ല. അഞ്ചു ലക്ഷം രൂപയുടെ ബിൽ പാസാക്കിയിട്ടില്ലെന്നാണ് ആരോപണം. കഴിഞ്ഞ വർഷത്തെ ഫണ്ട് ലാപ്‌സായി എന്നാണ് വാർഡ് മെമ്പർ പറയുന്നത്. സമയബന്ധിതമായി പണി പൂർത്തിയാക്കാത്തതിനാൽ റോഡ് നവീകരണം വീണ്ടും ഈ വർഷത്തെ പദ്ധതയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഭരണസമിതി. ഇത് ഫണ്ട് തട്ടാനുള്ള നീക്കമാണെന്ന് ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.