പാലക്കാട്: ഇടപ്പാതിയിലും ഞാറ്റുവേലകളിലും പെയ്യാതിരുന്ന മഴ കർക്കിടകത്തിൽ അണമുറിയാതെ പെയ്തുതുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ ജില്ലയിൽ ലഭിച്ചത് 61.8 എം.എം മഴ. കിഴക്കൻ മേഖലയിലും മലയോര പ്രദേശങ്ങളിലും വലിയതോതിൽ മഴ ലഭിക്കുന്നുണ്ട്. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്നലെ 29.2 മില്ലി മീറ്റർ മഴയാണ് മുണ്ടൂർ ഐ.ആർ.ടി.സിയിൽ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 32.6 മില്ലി മീറ്റർ മഴയും.

അണക്കെട്ടുകളുടെ ജലനിരപ്പ് ഉയരുന്നത് കാർഷിക മേഖലക്ക് ഏറെ ആശ്വാസമാണ്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതോടെ പുഴയോരത്തും തോടുകൾക്ക് അരികിലും മലയോര പ്രദേശത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിച്ചുണ്ട്.

ജൂൺ മുതൽ ഇന്നലെ വരെ ജില്ലയിൽ ആകെ പെയ്തത് 555.8 മില്ലിമീറ്റർ മഴയാണ്. 830.5 മില്ലിമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടത്. അതുകൊണ്ടു തന്നെ നിലവിൽ 33 ശതമാനത്തിന്റെ കുറവുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെട്ടാൽ ഇത് നികത്താനാകുമെന്നാണ് പ്രതീക്ഷ.

നിലവിൽ ജില്ലയിൽ അലേർട്ടുകൾ യാതൊന്നും പ്രഖഅയാപിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസത്തെ മഴയിൽ ജില്ലയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.