ramya-haridas

പാലക്കാട്: ആലത്തൂർ എം.പി രമ്യാ ഹരിദാസിന് 14 ലക്ഷം വിലയുള്ള മഹീന്ദ്ര മരാസോ കാറു വാങ്ങാൻ യൂത്ത് കോൺഗ്രസ് പണപ്പിരിവ് തുടങ്ങി. യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 1000 രൂപയുടെ രസീത് അച്ചടിച്ച് പിരിവ് നടത്തുന്നത്. 25ന് തുക പാർലിമെന്റ് കമ്മിറ്റിയെ ഏൽപ്പിക്കണമെന്നാണ് നിർദ്ദേശം. ആഗസ്റ്റ് ഒമ്പതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോൽ കൈമാറും.


അതേസമയം, പണിപ്പിരിവിനെ അനുകൂലിച്ചും എതിർത്തും സമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. എം.പി എന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷം ശമ്പളവും അലവൻസും ലഭിക്കുമ്പോൾ കാറു വാങ്ങാൻ എന്തിനാണ് പണപ്പിരിവ് എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. ആലത്തൂർ പിടിച്ചടക്കിയ ഞങ്ങളുടെ എം.പിക്ക് വാഹനം വാങ്ങി നൽകുന്നതിൽ എന്താണ് പ്രശ്‌നമെന്നാണ് യൂത്ത് കോൺഗ്രസിന്റെ മറുപടി.

പണപ്പിരിവ് സുതാര്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു. 1400 ലീഫാണ് അച്ചടിച്ചിരിക്കുന്നത്. ഓരോ മണ്ഡലത്തിലും രസീത് നൽകിയതിന്റെ കണക്ക് പാർലമെന്റ് കമ്മിറ്റിയുടെ പക്കലുണ്ട്. കാർ ബുക്ക് ചെയ്തിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് പറഞ്ഞു.