വടക്കഞ്ചേരി: വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയുടെയും കുതിരാൻ തുരങ്കത്തിന്റെയും പണി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ദേശീയപാത കുതിരാനിൽ സന്ദർശനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണും. കുതിരാൻ തുരങ്കത്തിന്റെ പണി തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളും സ്വീകരിക്കും. തുരങ്കം പൂർണ സജ്ജമായാൽ മാത്രമേ വാഹനങ്ങൾ കടത്തിവിടാൻ അനുവദിക്കുകയുള്ളൂ. ദേശീയപാത ഗതാഗത യോഗ്യമാകുന്നതുവരെ നിലവിലുള്ള റോഡിന്റെ അറ്റകുറ്റപണികൾ നടത്താൻ കരാർ കമ്പനിയോട് നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.
എം.പിമാരായ ടി.എൻ.പ്രതാപൻ, രമ്യാഹരിദാസ്, തൃശൂർ ജില്ലാ കളക്ടർ സി.ഷാനവാസ്, ദേശീയപാതാ അതോറിട്ടി ചീഫ് ജനറൽ മാനേജർ അലോക് ദീപാങ്കർ, കരാർ കമ്പനിയായ കെ.എം.സിയുടെ ചീഫ് എക്‌സികുട്ടീവ് ഓഫീസർ നിരഞ്ജൻ റെഡി തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ കുതിരാൻ തുരങ്ക പ്രദേശം സന്ദർശിക്കുന്നു