ഒറ്റപ്പാലം: നഗരസഭയിൽ നടന്ന മോഷണം ഒതുക്കിത്തീർക്കാൻ ഉന്നതപൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടതായി വിവരം. മോഷണ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കാൻ ആദ്യഘട്ടത്തിൽ ശ്രമംനടന്നതായാണ് ലഭിക്കുന്ന സൂചന. പക്ഷേ, ഇതൊന്നും വകവയ്ക്കാതെ കേസുമായി മുന്നോട്ട് പോയതാണ് എസ്.ഐയുടെ സ്ഥലം മാറ്റത്തിന് കാരണമായത്.

വെള്ളിയാഴ്ച രാത്രിയാണ് എസ്.ഐ വിപിൻ കെ.വേണുഗോപാലിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്. മോഷണക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി.സുജാതയുടെ വീട്ടിൽ പരിശോധന നടത്തിയതിന് പിറകേയാണ് സ്ഥലംമാറ്റം. അറസ്റ്റ് ലക്ഷ്യം വെച്ചാണ് സുജാതയുടെ വീട്ടിൽ പരിശോധന നടത്തിയത്. യഥാർത്ഥ പ്രതിയിലേക്ക് കേസന്വേഷണം എത്തുമെന്ന് മനസിലായതോടെയാണ് കേസ് പിൻവലിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടത്. മിസ്‌ടേക് ഒഫ് ഫാക്ട് എന്ന നിയമസാധുതയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ റദ്ദാക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ജൂൺ 20ന് മോഷണം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മോഷണംപോയ 38,000 രൂപയിലെ മുഷിഞ്ഞനോട്ടുകൾ പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥർ മുഖാന്തരം പരാതിക്കാരി മാറ്റി വാങ്ങിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അതിനാൽ വീട്ടിൽനിന്ന് പണം ലഭിച്ചതായി കാണിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശത്തിന് വഴങ്ങാതിരുന്നതോടെ സ്ഥലംമാറ്റം ഉത്തരവിറങ്ങുകയായിരുന്നു.