പാലക്കാട്: കണച്ചിപരുത സിസിലി കൊലക്കേസിലെ പ്രതി ബിജുവിനെ പൊലീസ് പിടികൂടിയത് ചടുല നീക്കത്തിലൂടെ. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പുലർച്ചെ അഞ്ചരക്ക് തോട്ടത്തിൽ ജോലിക്ക് പോവുകയായിരുന്ന സിസിലിയെ പെരുമ്പരുതയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ബിജു പിന്നിൽ നിന്നും ആക്രമിച്ചു. കയ്യാലയിൽ നിന്ന് താഴേക്കു തള്ളിയിട്ടു. അവശയായ അവരെ സമീപത്തെ കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തന്നെ തിരിച്ചറിയാൻ സാധ്യത ഉള്ളതിനാൽ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നീട് സംശയം തോന്നാതിരിക്കാൻ പതിവുപോലെ ജോലിക്ക് പോയി.
അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് സിസിലി താമസിക്കുന്ന കൊടുമ്പാല പ്രദേശത്തും സമീപത്തെ എസ്റ്റേറ്റ്കളിലെയും അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധിപേരെ ചോദ്യം ചെയ്തു. മൃതദേഹം കിടന്നിരുന്ന പ്രദേശത്ത് താമസിക്കുന്നവരെയും ആ പ്രദേശത്തുകൂടി സഞ്ചരിക്കുന്നവരെയും നായാട്ടു സംഘം എന്നിവരുടെ വിവരം ശേഖരിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ ആയിരത്തോളം ഫോൺ കോളുകളും പരിശോധിച്ചു.
സംഭവദിവസം സ്ഥലത്ത് പ്രതിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പൊലീസ് അയാളറിയാതെ നിരീക്ഷിച്ചാണ് ബിജുവിനെ കുടുക്കിയത്. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ കൃത്യം നടന്ന സ്ഥലത്തു നിന്നും ബിജു തന്നെ വീട്ടിലേക്കുപോയ വഴി പൊലീസിന് കാണിച്ചു കൊടുത്തു. വീടിന് സമീപമുള്ള പാറകൂട്ടത്തിൽ നിന്ന് സിസിലിയുടെ മൊബൈലും കണ്ടെടുത്തു കൊടുത്തത്. ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സംഘമാണ് കേസ് അന്വേഷിച്ചത്.