mazha
മഴയെ തുടർന്ന് പൂതംകോട് പ്രദേശത്തെ വാഴതോട്ടങ്ങളിൽ വെള്ളം കയറിയ നിലയിൽ.

മംഗലംഡാം: വീട്ടിക്കൽ കടവ്, പൂതംകോട് മേഖലയിലുള്ളവർക്ക് മഴ പെയ്ത് തുടങ്ങുമ്പോഴേക്കും നെഞ്ചിടിപ്പും കൂടും. വലിയൊരു മഴ പെയ്താൽ പ്രദേശം വെള്ളത്തിന് അടിയിലാകുമെന്നതാണ് കാരണം. കുറച്ചു സമയത്തിനുള്ളിൽ തന്നെ വെള്ളം പുഴയിലേക്കും തോടുകളിലേക്കുമായി ഒഴുകിപോകുമെങ്കിലും നാശനഷ്ടം വലുതാണ്.

2007ലാണ് പ്രദേശത്ത് ആദ്യമായി വെള്ളപ്പൊക്കമുണ്ടായത്. രണ്ട് ദിവസത്തിന് ശേഷമാണ് അന്ന് വെള്ളമിറങ്ങിയതെന്ന് നാട്ടുകാർ ഒാർത്തെടുക്കുന്നുണ്ട്. ആ സമയത്ത് ആളുകളെയെല്ലാം മാറ്റി താമസിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞവർഷത്തെ പ്രളയമാണ് ഏറെ ബുദ്ധിമുട്ടിച്ചത്. വ്യാപകമായി കൃക്ഷിനാശവും വീടുകൾക്കും മറ്റും കേടുപാടുകളും സംഭവിച്ചിരുന്നു.
ഈ വർഷവും ആ സ്ഥിതിക്ക് മാറ്റമില്ല, മഴ തുടങ്ങുമ്പോൾ തന്നെ കൃഷിയിടങ്ങളിലേക്കും മറ്റും വെള്ളം കയറുകയാണെന്ന് കർഷകർ പറയുന്നു. ഇത് വിളവിനെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പലരും. പുഴയോരത്തെ കൈയേറ്റങ്ങളെല്ലാം ഒഴിപ്പിച്ച് പുഴക്ക് സ്വതന്ത്രമായി ഒഴുകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.