പാലക്കാട്: ജില്ലയിൽ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കി സർവീസ് നടത്തുന്ന ഒട്ടോറിക്ഷ ഡ്രൈവർമാർക്ക് ബോധവത്കരണവുമായി ജില്ലാ മോട്ടോർ വാഹന വകുപ്പ്. വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി അധികൃതർ ചർച്ച നടത്തിയതിനെ തുടർന്ന് നടപടികളുടെ ആദ്യഘട്ടമെന്ന നിലയിലാണ് ബോധവത്കരണ ക്ലാസ് നൽകുന്നത്.
ഓട്ടോറിക്ഷകൾക്കെതിരെ യാത്രക്കാരുടെ നിരവധി പരാതികൾ ലഭിച്ചതോടെയാണ് ആർ.ടി.ഒ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. ഇന്നലെ വരെയായിരുന്ന മീറ്റർ ഘടിപ്പിക്കാത്തതും പ്രവർത്തിക്കാത്തതുമായ ഓട്ടോറിക്ഷകൾക്ക് സമയം നൽകിയത്. വരും ദിവസങ്ങളിലെ പരിശോധനകളിൽ ഇവ ശക്തമായി പരിശോധിക്കും. പരാതികൾ ലഭിച്ചാൽ കർശന താക്കീത് നൽകുമെന്ന് അധികൃതർ പറഞ്ഞു. വിഷയത്തിലുള്ള പൊതുജനങ്ങളുടെ പരാതികൾ 7306068162 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം.
ക്ലാസ് അടുത്ത ആഴ്ച തുടങ്ങും
ബോധവത്കരണ ക്ലാസ് അടുത്ത ആഴ്ച ആരംഭിക്കും. യാത്രക്കാരോടുള്ള മോശമായ പെരുമാറ്റം, മീറ്റർ ഘടിപ്പിക്കാത്തതും പ്രവർത്തിപ്പിക്കാതിനും എതിരെയുള്ള നിയമവശങ്ങൾ ക്ലാസിലൂടെ ഡ്രൈവർമാർക്ക് പറഞ്ഞു കൊടുക്കും. ക്ലാസിന് ശേഷവും നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. പി.ശിവകുമാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പാലക്കാട്