വടക്കഞ്ചേരി: സംസ്ഥാനത്തെ റോഡുകളെ കുറിച്ച് പഠിക്കാൻ നാഷണൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സി.ആർ.ആർ.ഐ) നെറ്റ്‌വർക്ക് സർവേ വെഹിക്കിളുകൾ എത്തിക്കാനുള്ള പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്തെ എല്ലാ പ്രധാന പാതകളിലും വേണ്ടിവന്നാൽ ജില്ലാ പാതകളിലും ഈ വാഹനം ഉപയോഗിച്ച് പഠനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഇതുവഴി റോഡുകളുടെ അറ്റകുറ്റപ്പണികൾ, നവീകരണം തുടങ്ങിയവ എങ്ങിനെ വേണമെന്ന് നിശ്ചയിക്കും. നൂതന രീതിയിൽ ജി.പി.എസ്, ലേസർ സാങ്കേതിക വിദ്യ, വീഡിയോ ദൃശ്യങ്ങൾ എന്നിവ വഴിയാണ് നെറ്റ്‌വർക്ക് സർവേ വെഹിക്കിളുകൾ റോഡുകളെ മനസിലാക്കുക. റോഡിന്റെ നീളം, വീതി, ദൈർഘ്യം, വളവ്, ചരിവ്, കയറ്റിറക്കങ്ങൾ, ഭൂമിശാസ്ത്രപരമായ കിടപ്പ് എന്നീ വിവരങ്ങൾ ശേഖരിക്കും. റോഡിന് സമീപം കെട്ടിടങ്ങൾ, വസ്തുവകകൾ എന്നിവയുടെ വീഡിയോ ദൃശ്യവും ഇവ പകർത്തും.
പരമാവധി 30 മുതൽ 80 കിലോ മീറ്റർ വരെയായിരിക്കും ഇതിന്റെ വേഗത. നിലവിൽ പഠനത്തിനായി നിശ്ചിത കാലത്തേക്ക് കരാർ പ്രകാരം വാഹനവും സാങ്കേതിക വിദഗ്ധരെയും വാടകയ്ക്ക് എടുക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ഇതിനായുള്ള തുക വകയിരുത്തന്നതും ആലോചിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. റോഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് മാത്രമാണ് ഇത്തരം സർവേ വാഹനങ്ങൾ ഉള്ളത്.