ശ്രീകൃഷ്ണപുരം: പഞ്ചായത്തും കുടുംബ ആരോഗ്യകേന്ദ്രവും ചേർന്ന് ശുചിത്വ ഭവനം കണ്ടെത്തുക എന്ന ഉദ്ദേശവുമായി റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. താലപ്‌ര്യമുള്ളവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് ഓരോ വാർഡിലും ഒരു ഭവനം തിരഞ്ഞെടുക്കും. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിച്ചാണ് ഷോ നടത്തുക. ഓരോ വാർഡിലുമായി ആകെ 14 പേർ മത്സരത്തിനുണ്ടാകും.
ശ്രീകൃഷ്ണപുരത്ത് താമസിക്കുന്നവർക്ക് അവരവർ തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾക്ക് എസ്.എം.എസിലൂടെ വോട്ട് രേഖപ്പെടുത്താവുന്നതാണ്. തിരഞ്ഞെടുപ്പിൽ ഉറവിട മാലിന്യ സംസ്‌കരണം, ശുചിത്വ ശീലങ്ങൾ, ഗാർഹിക ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് പരിഗണിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പഞ്ചായത്ത് ഓഫീസിലോ കുടുംബ ആരോഗ്യകേന്ദ്രത്തിലോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ വാർഡ് മെമ്പർമാരിൽ നിന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നും ലഭിക്കും.
25ന് ശേഷമാണ് അപേഷ വിതരണം ചെയ്യുക. ആഗസ്റ്റ് ഒന്നിനകം അപേക്ഷ പൂരിപ്പിച്ച് നൽകണം. ശ്രീകൃഷ്ണപുരം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ മാത്രമേ അപേഷിക്കാവൂ. ക്ലീൻ ശ്രീകൃഷ്ണപുരം പരിപാടിയുടെ ഭാഗമായി നടക്കുന്ന ശുചിത്വഭവനം റിയാലിറ്റി ഷോ ആഗസ്റ്റിൽ കുടുംബ ആരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാജു ശങ്കർ, മെഡിക്കൽ ഓഫീസർ ഡോ. ധന്യ എന്നിവർ അറിയിച്ചു.