ചിറ്റൂർ: സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് കേരളത്തിൽ നടപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. പെരുമാട്ടി പഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രി സംവിധാനത്തിലൂടെ പുതിയ സംരംഭങ്ങൾ വഴി സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന തരത്തിൽ വരുമാനമാർഗങ്ങൾ കണ്ടെത്താൻ വനിതകൾ രംഗത്തുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
വണ്ടിത്താവളം അയ്യപ്പൻകാവിലുള്ള പഴയ ഓഫീസ് കെട്ടിടത്തിനു മുന്നിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ലോകബാങ്കിന്റെ സഹായത്തോടെ 1.35 കോടി രൂപ ചെലവിലാണ് മുന്നുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരുകോടി രൂപ ചെലവിൽ ആധുനിക രീതിയിൽ നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ ശിലാസ്ഥാപനവും പട്ടിക വികസന പദ്ധതിയുടെ ഭാഗമായി കയർ ഉല്പന്നങ്ങളുടെ മൂല്യവർദ്ധിത യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി കെ.കൃഷ്ണൻകുട്ടി നിവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജി.മാരിമുത്തു, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശ്രി, ആർ.പങ്കജാക്ഷൻ, അഡ്വ. വി.മുരുകദാസ്, രാജി പ്രഭാകരൻ, മാധുരി പത്മനാഭൻ, റിഷ പ്രേംകുമാർ, കെ.സുരേഷ്, രാമൻകുട്ടി, ബി.ബീഗം സൈന എന്നിവർ സംസാരിച്ചു.