ചിറ്റൂർ: പട്ടഞ്ചേരി പഞ്ചായത്തിൽ നിർമ്മിച്ച വാതകശ്മശാനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി.മുരുകദാസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, പി.എസ്.ശിവദാസ്, ബേബി സുധ, വിമൽദാസ്, മോഹനൻ എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും പട്ടഞ്ചേരി പഞ്ചായത്തിന്റെ 17 ലക്ഷം രൂപയും ഉപയോഗിച്ചാണ് പട്ടഞ്ചേരി പൊതുശ്മശാനത്തിന്റെ 20 സെന്റ് സ്ഥലത്ത് വാതകശ്മശാനം നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒരു സിലിണ്ടറാണ് സ്ഥാപാച്ചിട്ടുള്ളത്. രണ്ടാമത് ഉടനെ സ്ഥാപിക്കും. ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ചുറ്റുമതിൽ നിർമ്മാണം പുരോഗമിക്കുകയാണ്.
ഇതിനായി 2017-18 സാമ്പത്തിക വർഷം എട്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപ ചെലവിൽ ഇവിടേക്കുള്ള റോഡ് നിർമ്മാണവും പൂർത്തീകരിച്ചു. മഴവെള്ള സംഭരണി, ശ്മശാനം സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ എന്നിവയും ഉടൻ പൂർത്തീകരിക്കും. ഇതിനായി 14 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പട്ടഞ്ചേരി പഞ്ചായത്ത് അധികൃതർ പറഞ്ഞു.