കൊപ്പം: കൊപ്പം - വളാഞ്ചേരി റൂട്ടിൽ കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള തിരുവേഗപ്പുറ പാലത്തിൽ ഏഴു സ്പാനുകളും അപകടഭീഷണിയിൽ. സ്പാൻ ജോയിന്റുകൾക്ക് ഇടയിലുള്ള വിടവ് ഓരോ ദിവസം കൂടുന്തോറുംവലുതാകുകയാണ്. ഈ കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണ് അപകടം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്.
50 വർഷത്തിലേറെ പഴക്കമുണ്ട് പാലത്തിന്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പാലത്തിൽ വെള്ളം കയറി തൂണുകളും സ്പാൻ ജോയിന്റുകളും ദ്രവിച്ചിരുന്നു. വർഷങ്ങളായുള്ള തകർച്ചാ ഭീഷണിയിൽ നിന്ന് പാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും സ്വകാര്യ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനും അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ രണ്ട് വർഷം മുമ്പ് പാലം സന്ദർശിച്ചെങ്കിലും ഇതുവരെ നടപടികളുണ്ടായില്ല. പട്ടാമ്പി - വളാഞ്ചേരി പാതയിൽ കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള പാലം ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണ്. പാലക്കാട് - കോഴിക്കോട്, പാലക്കാട് - കുറ്റിപ്പുറം, പൊന്നാനി ദീർഘദൂര ബസുകളും ചരക്ക് ലോറികളും സർവീസ് നടത്തുന്ന പാലം അടിയന്തരമായി നവീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ദിനംപ്രതി നിരവധി ചരക്ക് ലോറികളാണ് ഇതുവഴി സർവീസ് നടത്തുന്നത്. പാലത്തിലെ കൈവരികളും തകർച്ചാ ഭീഷണിയിലാണ്. വീതി കുറഞ്ഞ പാലമായതിനാൽ കാൽനട യാത്രക്കാരും ഏറെ ദുരിതത്തിലാണ്. കാലപ്പഴക്കമുള്ള പാലത്തിലെ തൂണുകൾക്കിടയിലും വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. അനിയന്ത്രിതമായ മണലെടുപ്പ് പാലത്തിലെ തൂണുകൾക്ക് ഭീഷണിയാണ്. ഇതിനെതിരെ കർഷന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ വശ്യം.