പാലക്കാട്: ജില്ലയിൽ 3500ലധികം കെ.എൽ.യു അപേക്ഷകളാണ് തീരുമാനം കാത്ത് സർക്കാർ ഫയലിൽ പൊടിപിടിച്ച് കിടക്കുന്നത്. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം കാറ്റിൽപ്പറത്തി ജില്ലയിൽ വ്യാപകമായി വയൽനികത്തി അനധികൃത കെട്ടിടങ്ങൾ കെട്ടിപ്പൊങ്ങുമ്പോഴാണ് സ്വന്തമായൊരു വീടിനായി കാത്തിരിക്കുന്നവർ ഓഫീസുകൾ കയറിയിറങ്ങുന്നത്.
ജില്ലാതല സമിതിയുടെ ജൂൺ മാസം 13, 25, 27, ജൂലായ് 2, 11 തിയതികളിൽ നടത്തിയ യോഗങ്ങളിൽ 2500 ഭൂമി പരിവർത്തന അപേക്ഷകളിൽ തീരുമാനമെടുത്തിരുന്നു. പക്ഷേ, ഇതുവരെ തുടർ നടപടിയായിട്ടില്ല. ജൂലായ് 22നും 26നും ജില്ലാതല സമിതി 500 വീതം അപേക്ഷകൾ പരിഗണിക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസ് അധികൃതർ പറയുന്നു. നിലവിൽ വീടോ വീടുവെക്കുന്നതിന് പറമ്പോ ഇല്ലാത്തവർക്ക് അഞ്ചുസെന്റ് നിലം നികത്തുന്നതിന് നൽകിയ ഇളവാണ് കെ.എൽ.യു. കൃഷി ഓഫീസർക്കാണ് ഇതിനുള്ള അപേക്ഷ നൽകേണ്ടത്. കൃഷി ഓഫീസർ കൺവീനറായി വില്ലേജോഫീസർ, മൂന്ന് പാടശേഖരങ്ങളുടെ പ്രതിനിധികൾ എന്നിവരടങ്ങിയ പ്രാദേശിക സമിതികളാണ് അപേക്ഷകളിൽ തീരുമാനമെടുക്കേണ്ടത്. ജില്ലാതല സമിതി അംഗീകരിച്ചാൽ കെ.എൽ.യു അനുമതി കിട്ടുന്നതാണ് വ്യവസ്ഥ.
2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പറമ്പായി പരിവർത്തനം ചെയ്യപ്പെട്ടതും ഭൂ രേഖകളിൽ നിലമെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള സ്ഥലമുടമകൾക്കുള്ളതാണ് ഭൂമി തരംമാറ്റൽ. ഇതിന് ആർ.ഡി.ഒ ഓഫീസിൽ നിന്നാണ് അനുമതി ലഭിക്കേണ്ടത്. പഴയരേഖകൾ വില്ലേജ് ഓഫീസിലോ താലൂക്കിലോ ഉള്ളവർ അത് എടുപ്പിക്കണം. അല്ലാത്തവർ കോഴിക്കോട് ആർക്കിയോളജിക്കൽ സർവേ ഓഫീസിൽ പോകണം. അതും ഇല്ലാത്തവർക്ക് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് കൺട്രോൾ വിഭാഗം സാറ്റലൈറ്റ് സർവേ മുഖേന തയ്യാറാക്കുന്ന കഡസ്ട്രൽ മാപ്പ് വേണ്ടിവരും. ഇതിന് അപേക്ഷകൻ 1,500 രൂപ ഫീസ് അടക്കണം. ഇത്തരത്തിൽ ഫീസടച്ച് അപേക്ഷിച്ചവരും മാസങ്ങളായി തീരുമാനം കാത്തുകിടക്കുകയാണ്. അടിയന്തരമായി അപേക്ഷകളിലെ തുടർ നടപടികൾ സ്വീകരിക്കണമെന്നതാണ് അപേക്ഷകരുടെ ആവശ്യം.