കൊല്ലങ്കോട്: തെന്മലയോര പ്രദേശമായ തേക്കിൻചിറ, പൂങ്കയം, ചീളക്കാട് പ്രദേശങ്ങളിലിറങ്ങിയ കാട്ടാനകൾ ഒറ്റരാത്രയിൽ നശിപ്പിച്ചത് 40 ഏക്കറോളം നെൽകൃഷി. പൂങ്കയത്തെ വിശ്വനാഥൻ, പാർവതി, കുട്ടുമണി, ലക്ഷ്മണൻ, അനന്ദകൃഷ്ണൻ, വളയൽ ബഷീർ എന്നിവരുടെ കൃഷിയാണ് നശിച്ചത്.
പൂങ്കയം ജനവാസ മേഖലയിൽ ശനിയാഴ്ച രാത്രിയിലെത്തിയ ആനകൾ ഞായർ രാവിലെയാണ് വീടുകൾക്ക് സമീപത്ത് നിന്നും നീങ്ങിയത്. കഴിഞ്ഞ നാലു ദിവസമായി
പത്തുപേരുൾപ്പെടുന്ന കാട്ടാനക്കൂട്ടമാണ് തേക്കിൻചിറ, പൂങ്കയം എന്നിവിടങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് കള്ളിയമ്പാറ പ്രദേശത്തെ രണ്ടുപേർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ രണ്ടുദിവസം മുമ്പ് കൊല്ലങ്കോട് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ശേഷം അധികൃതർ നൽകിയ ഉറപ്പും പാലിക്കപ്പെടുന്നില്ലെന്ന് കർഷകർ പറയുന്നു. കാട്ടാനകളെ വനത്തിലേക്ക് തിരിച്ചുവിടാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.