ചിറ്റൂർ: മേഖലയിൽ വർദ്ധിച്ചുവരുന്ന അനധികൃത വിദേശ മദ്യവില്പനയ്‌ക്കെതിരെ തൊഴിലാളി സംഘടനകളും കള്ളുഷാപ്പ് ലൈസൻസികളും സംയുക്തമായി പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. വ്യാജ വിദേശമദ്യ വില്പന കർശനമായി തടയണമെന്ന് സർക്കാരിനോട് ചിറ്റൂരിൽ ഇന്നലെ ചേർന്ന തൊഴിലാളി സംഘടനകളുടേയും കള്ള് ഷാപ്പ് ലൈസൻസികളുടേയും സംയുക്ത യോഗം ആവശ്യപ്പെട്ടു.
വൻതോതിലുള്ള വ്യാജ വിദേശമദ്യ വില്പന മൂലം കള്ളുചെത്ത് വ്യവസായം വലിയ തകർച്ച നേരിടുകയാണ്. കള്ളു വില്പന കുത്തനെ കുറഞ്ഞു, ഷാപ്പുകൾ പലതും പൂട്ടി. ബാക്കിയുള്ള ഷാപ്പുകൾ നടത്തികൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്. ഈ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. വ്യാജ വിദേശമദ്യ വില്പനയ്ക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകളും ലൈസൻസികളും നിരവധി പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. അതുകൊണ്ട് സംയുക്ത പ്രക്ഷോഭത്തിനു നിർബന്ധിതമായിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
പി.ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് എ.രാമചന്ദ്രൻ, ആർ.പങ്കജാക്ഷൻ, സി.ബാലൻ, എം.സി.ചന്ദ്രൻ, ചെല്ലൻ കുട്ടി, വേണു, കണ്ടമുത്തൻ, ഹരി പ്രകാശ്, ശിവൻ ലൈസൻസികളെ പ്രതിനിധീകരിച്ച് രവീന്ദ്രൻ, ശോഭനൻ, എം.സുരേഷ് ബാബു, ആർ.സി.നടരാജൻ, കെ.രമേഷ്, എ.കെ.മണി, തുടങ്ങിയവർ പങ്കെടുത്തു.