ആലത്തൂർ: താലൂക്കാശുപത്രിയിൽ സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനത്തിൽ ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ.ഫ്ലമി ജോസുമായി ഭാരവാഹികൾ ചർച്ച നടത്തി. ഗാന്ധിദർശൻ സമിതി ജില്ലാ ജനറൽ സെക്രട്ടറി ബൈജു വടക്കുംപുറം, യുവജനസമിതി ജില്ലാ പ്രസിഡന്റ് ഷാഹിദ് ആലത്തൂർ ഭാരവാഹികളായ എം.ബി.രമേഷ്, സജീർ,സദ്ദാം ഹുസൈൻ, ശരീഫ് തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.

ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റും മുൻ ആരോഗ്യവകുപ്പു മന്ത്രിയുമായ വി.സി.കബീർ ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും ഡി.എം.ഒയ്ക്കും പരാതി നൽകി.
മൈനർ സർജറി മുറിവുതുന്നി കെട്ടാൻ 25 രൂപ, ഓപ്പറേഷൻ ചാർജ് 150 രൂപ, പ്ലാസ്റ്റർ ഇടുന്നതിന് 50 രൂപ എന്നിങ്ങനെയാണ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. ഒ.പി.ടിക്കറ്റ് ചാർജ് 2 രൂപയിൽ നിന്ന് 3 രൂപയാക്കി വർദ്ധിപ്പിച്ചിട്ടുമുണ്ട്.