പാലക്കാട്: മഴ കനക്കുന്നതോടൊപ്പം പനിക്കിടക്കകളും നിറയുകയാണ്. ജില്ലയിൽ മലയോര മേഖലയിൽ ഉൾപ്പെടെ പകർച്ചപ്പനി, ഡെങ്കി, എലിപ്പനി എന്നിവ വ്യാപകമായതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശവുമായി രംഗത്തുവന്നിട്ടുണ്ട്.
ജൂലൈ ഒന്നുമുതൽ 22 വരെ ജില്ലയിൽ 24543 പേരാണ് പനിക്ക് ചികിത്സതേടിയത്. 682 പേർ ഇപ്പോഴും കിടത്തിചികിത്സയിലാണ്. ആരോഗ്യവകിപ്പിന്റെ ഒൗദ്യോഗിക കണക്കനുസരിച്ച് ഈ മാസത്തിൽ ഏഴുപേരിൽ എച്ച്.വൺ എൻ വൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ മരണപ്പെടുകയപും ചെയ്തു.
രോഗങ്ങൾ പെട്ടെന്നു പടരാൻ സാദ്ധ്യത ഉള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കനത്തമഴയിൽ കുടിവെള്ള സ്രോതസുകളും പരിസരവും മലിനമാകും. കൂടാതെ മഴക്കാലത്ത് കോളറ, മഞ്ഞപ്പിത്തം, ടൈയ്‌ഫോയിഡ്, വയറിളക്കം എന്നിവ പടരാനും സാദ്ധ്യതയുണ്ട്. മഴക്കാലത്തുകണ്ടുവരുന്ന പ്രധാനരോഗമാണ് എലിപ്പനി. എലി, അണ്ണാൻ തുടങ്ങിയ ജന്തുക്കളുടെ വിസർജ്യം കലർന്ന മലിനജലത്തിലൂടെയാണ് എലിപ്പനി പകരുന്നത്. അതിനാൽ മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കണം. കൈകാലുകളിൽ മുറിവുള്ളവർ മലിനജലവുമായി സമ്പർക്കം വരാത്തരീതിയിൽ വ്യക്തിസുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയും പാടത്തും പറമ്പിലും മറ്റു വെള്ളക്കെട്ടുകളിലും പണിയെടുക്കുന്നവർ പ്രതിരോധ ഗുളികകൾ നിർബന്ധമായും കഴിക്കണം.
പ്രതിരോധ ശേഷി താരതമ്യേന കുറവായ കുട്ടികളെ മഴക്കാലങ്ങളിൽ മുറ്റത്തുംപാടത്തും വെള്ളംകെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ കളിക്കാൻ അനുവദിക്കരുത്. എലിപ്പനിക്കെതിരെയുള്ള പ്രതിരോധഗുളികകൾ എല്ലാസർക്കാർ ആശുപത്രികളിലും ലഭ്യമാണ്. ഏതെങ്കിലും പനി ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആശുപത്രിയെ സമീപിക്കുക. സ്വയം ചികിത്സ അരുതെന്നും അധികൃതർ പറയുന്നു.
കിണറുകൾ ബ്ലീച്ചിംങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക
തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക
പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകി ഉപയോഗിക്കുക
തണുത്തതോ പഴകിയതുമായ ഭക്ഷണം ഒഴിവാക്കുക
മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക
പനി ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആശുപത്രിയെ സമീപിക്കുക
ചർമ രോഗങ്ങൾക്ക് സാധ്യതയുള്ളതിനാൽ നനഞ്ഞ വസ്ത്രങ്ങൾ ധരിക്കരുത്
ഡെങ്കി -- ചികിത്സ തേടിയത് 39
സ്ഥിരീകരിച്ചത് 4
എലിപ്പനി -- ലക്ഷണങ്ങൾ കണ്ടത് 6
സ്ഥിരീകരിച്ചത് 3
എച്ച് വൺ എൻ വൺ - സ്ഥിരീകരിച്ചത് 7
-- മരണം - 1
പനി --- ചികിത്സ തേടിയത് 24543
കിടത്തിചികിത്സയിലുള്ളത് 682