ഒറ്റപ്പാലം: നഗരസഭയിലെ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രതിചേർക്കപ്പെട്ട മോഷണക്കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിന് കോടതിയുടെ തിരിച്ചടി. കേസ് ഒത്തുതീർപ്പാക്കാൻ കഴിയില്ലെന്ന് ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.
നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷയായ ബി.സുജാത പ്രതിചേർക്കപ്പെട്ട മോഷണക്കേസ് അവസാനിപ്പിക്കുന്നതിനുവേണ്ടിയാണ് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി.ലത ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതിയിൽ കോമ്പൗണ്ടിംഗ് പെറ്റീഷൻ സമർപ്പിച്ചത്.
ഇതു സംബന്ധിച്ച് വിശദമായി വാദംകേട്ട ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടോണി ടി.തടത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ നിയമതടസം ഉള്ളതായി വ്യക്തമാക്കി. സംഭവം സാധാരണ മോഷണം അല്ലെന്നും ഏറെ ഗൗരവപൂർണമായ സാഹചര്യത്തിലും, സ്ഥലത്തും വച്ചാണ് കൃത്യം നടന്നിട്ടുള്ളത്. അതിനാൽ കോമ്പൗണ്ടിംഗ് പെറ്റീഷൻ തീർപ്പാക്കാൻ കോടതിക്ക് കഴിയില്ലെന്നും മജിസ്‌ട്രേറ്റ് വിധിച്ചു.
അതേസമയം 379ാം വകുപ്പുപ്രകാരമാണ് പൊലീസ് കേസെടുത്തതെങ്കിൽ കേസ് ഒത്തുതീർപ്പാക്കാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ പോലീസ് 380ാം വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സുരക്ഷ ഒരുക്കിയതും സംരക്ഷണമുള്ളതുമായ കെട്ടിടങ്ങൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന മോഷണങ്ങൾക്കെതിരെ പോലീസ് 380ാം വകുപ്പുപ്രകാരമാണ് സാധാരണ കേസെടുക്കാറുള്ളത്. ഇതാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടിയായത്.
ഇക്കഴിഞ്ഞ 20ന് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷയായ ടി.ലതയുടെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 38,000 രൂപയാണ് മോഷണംപോയത്. നഗരസഭ ഓഫീസിനു ഓഫീസിനുള്ളിൽ നടന്ന മോഷണം വിവാദമായതോടെയാണ് ഇവർ പരാതി നല്കിയത്.
പൊലീസ് കേസെടുക്കുകയും വിരലടയാളം നുണപരിശോധന എന്നിവ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് സ്ഥിരം സമിതി അദ്ധ്യക്ഷയെ പ്രതിചേർത്ത് കേസെടുത്തത്. ഇതോടെ കൗൺസിലറെ സി.പി.എം പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.