bridge
തൂത പാലം

ചെർപ്പുളശ്ശേരി: പാലക്കാട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂതപ്പാലം അപകട ഭീഷണിയിൽ. വീതികുറവും തൂണുകളുടെ ബലക്ഷയവും പാലത്തിലൂടെയുള്ള യാത്ര സാഹസികമാക്കുന്നു. ഒരേ സമയം രണ്ടുവലിയ വാഹനങ്ങൾക്ക് പാലത്തിലൂടെ കടന്നുപോകാനുള്ള വീതിയില്ല. കാൽനടയാത്രക്കാർക്കും ഞെങ്ങി ഞെരുങ്ങി വേണം പാലത്തിലൂടെ സഞ്ചരിക്കാൻ. കൈവരികൾ ഉയരമില്ലാത്തതും പാലത്തിലൂടെയുള്ള യാത്ര ഭീതിജനകമാക്കുന്നതായി യാത്രക്കാർ പറയുന്നു.

പത്ത് മീറ്ററിലധികം ഉയരമുള്ള പാലം കരിങ്കൽ തൂണുകളിലാണ് നിൽക്കുന്നത്. നടപ്പാതയില്ലാത്ത പാലം ഈ ഭാഗത്ത് കുപ്പിക്കഴുത്തിന് സമാനമാണ്. പഴയകാലത്ത് നിർമ്മിച്ച പാലം അന്നത്തെ ഗതാഗത സൗകര്യങ്ങൾക്ക് പര്യപ്തമായിരുന്നെങ്കിലും ഇന്നിത് ഒട്ടും അനുയോജ്യമല്ല. ഏറ്റവും ഒടുവിൽ 20 വർഷം മുമ്പാണ് പാലം അറ്റകുറ്റപ്പണി നടത്തിയത്. രണ്ട് വർഷം മുമ്പ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സർവേ നടത്തിയെങ്കിലും നടപടികൾ കടലാസിലൊതുങ്ങി.
കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ പാലത്തിന്റെ നിലനിൽപ്പ് സംബന്ധിച്ച് ആശങ്കയുണ്ടായെങ്കിലും, അതിജീവിച്ചു. എങ്കിലും ഇവിടെ വീതികൂടിയ നടപ്പാതയോടു കൂടി പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മഞ്ചേരി ഡിവിഷന്റെ കീഴിലാണിപ്പോൾ തൂതപ്പാലുള്ളത്.

 ബ്രിട്ടിഷ് ഭരണകാലത്ത് നിർമ്മിച്ച പാലത്തിന് 83 വർഷം പഴക്കമുണ്ട്.

 1936 നവംബർ 9നാണ് അന്നത്തെ മദ്രാസ് ഗവർണർ പാലം നാടിന് സമർപ്പിച്ചത്

 രണ്ട് പതിറ്റാണ്ടായി നവീകരണം നടത്തിയിട്ട്