കൊല്ലങ്കോട്: തെന്മലയോര പ്രദേശത്ത് കഴിഞ്ഞ ഒരുമാസമായി വിലസുന്ന കാട്ടാനക്കൂട്ടം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ പയ്യല്ലൂർ ചാത്തൻപാറയ്ക്ക് സമീപം എത്തിയ ഏഴുപേരടങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശത്തെ വാഴക്കൃഷി വ്യാപകമായി നശിപ്പിച്ചു. ഒണവിപണി ലക്ഷ്യമിട്ട് വിളവിറക്കിയ കർഷകർ ഇതോടെ പ്രതിസന്ധിയിലായി.

ചാത്തൻപാറ നാരങ്ങകളം കുമാരന്റെ വീടിനെ സമീപത്താണ് പുലർച്ചയോടെ ആനയെ കണ്ടത്. നിലവിൽ ആനകൾ എലവഞ്ചേരി ഭാഗത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രിയോടെ തെന്മലയിൽ നിന്നറങ്ങിയ കാട്ടാനകൾ സ്വകാര്യ വ്യക്തികളൊരുക്കിയ കമ്പിവേലികൾ തകർത്താണ് കുമാരന്റെ കൃഷിയിടത്തിൽ പ്രവേശിച്ചത്. കുലച്ച 200 ഓളം നേന്ത്രവാഴകൾ, മാവ്, പച്ചക്കറി, നെൽ കൃഷി എന്നിവ വ്യാപകമായി നശിപ്പിച്ച ശേഷം ആനകൾ നേരം പുലർന്നിട്ടാണ് കാട്ടിലേക്ക് കയറിയതെന്ന് കുമാരൻ പറയുന്നു. സംഭവസ്ഥലം കൊല്ലങ്കോട് കൃഷി ഓഫീസർ ദിലീപ്, വനം - വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

 സോളാർ വേലിയും കിടങ്ങും സ്ഥാപിക്കണം

കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തുടർക്കഥയായതോടെ വനം - വന്യജീവി വകുപ്പ് മലയോര മേഖലയിൽ സോളാർ വൈദ്യുതി വേലിയും വന്യമൃഗങ്ങൾ കാട്ടിൽ നിന്നും ഇറങ്ങി വരാതിരിക്കാൻ കിടങ്ങും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. കാട്ടാനകളെ തുരത്തി കൃഷിസംരക്ഷിക്കാൻ വനം- വന്യജീവി വകുപ്പ് പരാജപ്പെട്ടുവെന്ന് കർഷകമോർച്ച സംസ്ഥാന കൗൺസിൽ അംഗം ചേകോൽ പ്രഭാകരൻ ആരോപിച്ചു. ഇന്നലെ കാട്ടാനകൾ നശിപ്പിച്ച കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി സി.മണി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.സി.വി.ജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഫോട്ടോ... പാടശേഖര സമിതി ഭാരവാഹികളും കർഷകരും കാട്ടാന നശിപ്പിച്ച കൃഷിയിടത്തിൽ