ചെർപ്പുളശ്ശേരി: നഗരത്തിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാല മാങ്ങോട് മില്ലുംപടിയിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് കക്ഷിരാഷ്ടീയഭേദമന്യേ നാട്ടുകാർ എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

തൃക്കടീരി പഞ്ചായത്തിലെ ഒന്നാംവാർഡിൽ ഉൾപ്പെടുന്ന ഈ സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കാണ് മദ്യവിൽപ്പന ശാല മാറ്റാൻ ശ്രമം നടക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഗീതയുൾപ്പടെയുള്ളവരുടെ നേതൃത്യത്തിൽ ഇന്നലെ വൈകീട്ട് സ്ഥലത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ജനവാസ മേഖലയായ ഇവിടെ മദ്യശാല വരുന്നത് തങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാകുമെന്ന് സ്ത്രീകൾ പറഞ്ഞു. ബാറുകാരുടെ താൽപ്പര്യത്തിന് വഴങ്ങിയാണ് മദ്യശാല ഇവിടേക്ക് മാറ്റുന്നതെന്നും ആരോപിക്കുന്നു. ഇതിനെതിരെ എക്‌സൈസ് അധികൃതർക്കും , എം.എൽ.എ - എം.പി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയതായും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

മദ്യശാല വരുന്നത് എന്തുവില കൊടുത്തും തടയാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. ഇന്നലെ നടന്ന പ്രതിഷേധ കൂട്ടായ്മക്ക് വാർഡ് മെമ്പർ ശങ്കരനാരായണൻ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ.ഗീത, മുഹമ്മദ് ബഷീർ, രാധാകൃഷ്ണൻ, ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ബഹുജനപ്രതിഷേധം