വടക്കഞ്ചേരി: മീൻ മോഷ്ടിക്കുന്നത് ചോദ്യം ചെയ്ത റിട്ട. എസ്.ഐ ഉൾപ്പെടെ മൂന്നുപേരെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ. റിട്ട. എസ്.ഐ മുപ്പെല്ലൂർ ചല്ലുപടി രമേന്ദ്രൻ (60), ചല്ലുപടി സക്കീർ (54), പ്രേമദാസൻ (54) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രമേന്ദ്രന്റെയും സക്കീറിനും തലയ്ക്കും കൈകാലുകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മുടപ്പല്ലൂർ തെക്കുംഞ്ചേരി വയ്യേലി വീട്ടിൽ പ്രദീപ് (34), നെന്മാറ ചേരുംകോട് സതീഷ് (32) ഒറീസ സ്വദേശികളായ പപ്പുറാം (32), റാംജിത്ത് (27) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കോൺക്രീറ്റ് പണിക്കാരനായ പ്രദീപിന്റെ ജോലിക്കാരാണ് മറ്റ് മൂന്നുപേരും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രമേന്ദ്രന്റെ ഉടമസ്ഥതയിലുള്ള പ്രവർത്തനരഹിതമായ പാറമടയിൽ മീൻ വളർത്തുന്നത് പ്രതികൾ മോഷ്ടിക്കാൻ വന്നതായിരുന്നു. വലയിട്ട് മീൻ മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ സക്കീർ രമേന്ദ്രനെയും, പ്രേമദാസനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ സക്കീറിനെ പാറമടയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നീന്തി കരയ്ക്ക് കയറിയപ്പോൾ കരിങ്കല്ല് കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രമേന്ദ്രന്റ തലയിൽ എട്ടോളം തുന്നലുണ്ട്. സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ ബുധനാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

വടക്കഞ്ചേരി സി.ഐ ബി.സന്തോഷ്, എസ്.ഐ എസ്.ഷക്കീർ, എ.എസ്.ഐ ശശികുമാർ, ഡിവൈ. എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ റഹീംമുത്തു, സന്ദീപ്, ദിലീപ്, കൃഷ്ണദാസ്, സൂരജ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.