അഗളി: അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സക്കെത്തിയ വനിതാ രോഗിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ കോട്ടത്തറ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ജീവനക്കാരൻ പത്തനാപുരം സ്വദേശി ഫാസിലിനെതിരെ (24) പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാൽമുട്ട് വേദനയെ തുടർന്ന് ചികിത്സക്കെത്തിയ വീട്ടമ്മയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. വിഷയം ചൂണ്ടിക്കാട്ടി വീട്ടമ്മയുടെ ഭർത്താവ് പൊലീസിലും ആശുപത്രി അധികൃതർക്കും പരാതി നൽകി. പീഡനശ്രമത്തിൽ മനംനൊന്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അട്ടപ്പാടി സ്വദേശിയായ വീട്ടമ്മയെ അത്യാസന്ന നിലയിൽ തിങ്കളാഴ്ച പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ അഗളി പൊലീസും ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.

വിഷയം വിവാദമായതോടെ എൻ.എച്ച്.എമ്മിന്റെ കീഴിൽ താത്കാലിക ജീവനക്കാരനായിരുന്ന ഫാസിലിനെ നിയമ നടപടി സ്വീകരിച്ച് ജോലിയിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചു. ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.